തണ്ണീർമുക്കം ഫെസ്റ്റിന് തിരശീല ഉയരാൻ രണ്ടു നാൾ
1512555
Sunday, February 9, 2025 11:53 PM IST
തണ്ണീർമുക്കം: തണ്ണീർമുക്കത്തിന്റെ ഉത്സവമായ തണ്ണീർമുക്കം ഫെസ്റ്റിന് തിരശീല ഉയരാൻ രണ്ടു നാൾ മാത്രം. 12 മുതൽ 16വരെ നടത്തുന്ന ഫെസ്റ്റിന്റെ ആരവമാണ് എവിടെയും. വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായ തണ്ണീർമുക്കം ബണ്ടിന്റെ മൺചിറകൾ അണിഞ്ഞൊരുങ്ങുന്നു. സമ്മേളന നഗറായ ചാലി നാരായണപുരം ക്ഷേത്രത്തിന്റെ മുൻഭാഗത്തെ മൈതാനവും ചമയങ്ങളാൽ അലംകൃതമാണ്.
ലോകത്തെ ഏറ്റവും വലിയ ഉപ്പുവെള്ള നിരോധിനികളിൽ ഒന്നാണ് തണ്ണീർമുക്കം ബണ്ട്. കുട്ടനാട്ടിലെ നെൽകൃഷിയെ ഉപ്പുവെള്ളത്തിന്റെ ഭീഷണിയിൽനിന്ന് രക്ഷിക്കാനും ഒരുപൂ കൃഷി ഇരുപൂ കൃഷിയാക്കാനുമാണ് ബണ്ട് നിർമിച്ചത്. കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് കായലിന് കുറുകെ തീർത്ത ബണ്ടും ബണ്ടിന്റെ ബലത്തിനായി തീർത്ത മൺചിറകളും ടൂറിസ്റ്റുകളുടെ മനസിൽ മായാത്ത മുദ്ര പതിക്കുന്ന കാഴ്ചകളാണ്.
ബണ്ടിന്റെ മുന്നാം ഘട്ടത്തിന്റെ നിർമാണം വൈകിയതിനെത്തുടർന്ന് പകരമായി തീർത്ത മൺചിറയിലൂടെയാണ് പതിറ്റാണ്ടുകളോളം ഗതാഗതം നടന്നത്. കായലിന്റെ മധ്യത്തിൽ തീർത്ത ഈ മൺചിറ വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണമായിരിന്നു.
സിനിമാ ഷൂട്ടിംഗുകളും ഇവിടെ പതിവായിരുന്നു. മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനത്തിന് മുൻപാണ് ബണ്ടിനോടു ചേർന്ന ഭാഗങ്ങൾ നിലനിർത്തി ഈ ചിറയുടെ ബാക്കി ഭാഗങ്ങൾ പൊളിച്ചു നീക്കിയത്. ജലയാനങ്ങളുടെ കടന്നുപോക്കിന് ബണ്ടിന്റെ ഒന്നും രണ്ടും ഘട്ടങ്ങളോട് ചേർന്നുള്ള ലോക്കുകളാണ് ഉപയോഗിച്ചിരുന്നത്. മനുഷ്യപ്രയത്നത്താലാണ് ഈ ലോക്കുകൾ പ്രവർത്തിക്കുന്നത്.
എന്നാൽ, മൂന്നാം ഘട്ടത്തിൽ സ്ഥാപിച്ചിട്ടുള്ള ലോക്ക് യന്ത്രസഹായത്തോടെയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ജലയാനങ്ങൾ വരുമ്പോൾ സ്വയം ഉയരുകയും ജലയാനങ്ങൾ കടന്നുപോകുമ്പോൾ സ്വയം താഴുകയും ചെയ്യുന്ന സംവിധാനമാണിത്.
ചരിത്ര സ്മാരകങ്ങളാലും സമ്പന്നമാണ് തണ്ണീർമുക്കം. രാജഭരണകാലത്ത് തിരുവിതാംകൂർ രാജാക്കന്മാരുടെ വരവു പോക്കിന് വേദിയായിരുന്നു തണ്ണീർമുക്കം. കരഗതാഗതം വികസിതമല്ലാതിരിന്നതിനാൽ ജലയാനങ്ങളിലാണ് തണ്ണീർമുക്കംവരെ രാജാക്കന്മാർ എത്തിയിരുന്നത്. അകമ്പടി വള്ളങ്ങളിൽ പടയാളികളും ഈ സംഘത്തിനൊപ്പം എത്തുമായിരുന്നു. തണ്ണീർമുക്കം ബോട്ടുജെട്ടിയിൽ ഇറങ്ങി ചാലി നാരായണപുരം ക്ഷേത്രത്തിൽ ദർശനം നടത്തി വിശ്രമിച്ചശേഷമാണ് രാജാക്കന്മാർ വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനു പോയിരിന്നത്.