അർത്തുങ്കൽ-വേളാങ്കണ്ണി ബസ് സര്‍വീസ് കൂട്ടി
1513555
Thursday, February 13, 2025 12:02 AM IST
ചേര്‍ത്തല: കെഎസ്ആർടിസി അർത്തുങ്കൽ-വേളാങ്കണ്ണി സർവീസ് റൂട്ട് പുനഃക്രമീകരിച്ച് ആഴ്ചയിൽ നാലുദിവസമാക്കി. മന്ത്രി പി. പ്രസാദ് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
നേരത്തേ ആഴ്ചയിൽ രണ്ടുദിവസമായിരുന്നു സർവീസ്. സമയം കൂടുതൽ എടുക്കുന്ന തീരദേശ റൂട്ട് ഒഴിവാക്കി ദേശീയപാതയിലൂടെ സർവീസ് നടത്താനാണ് തീരുമാനം. സർവീസിന്റെ കളക്ഷൻ ഒരുമാസം നിരീക്ഷിക്കും. കൃഷിമന്ത്രിയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വനിതാവിശ്രമ കേന്ദ്രം നിർമിക്കുന്നതിനായി തുടർപ്രവർത്തനങ്ങൾക്ക് പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എന്‍ജിനിയറെ യോഗം ചുമതലപ്പെടുത്തി. കോവിഡിന് മുമ്പ് ഉണ്ടായിരുന്ന വയലാർ എട്ടുപുരയ്ക്കൽ, തുറവൂർ വളമംഗലം സർവീസുകൾ പുനരാംരംഭിക്കും.
എല്ലാ ദിവസവും രാവിലെ അർത്തുങ്കലിൽ നിന്നു തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി സർവീസ് ആരംഭിക്കുന്നതിനും തീരുമാനമായി. രാത്രി അർത്തുങ്കലിൽ തങ്ങി സർവീസ് നടത്തുന്ന രീതിയിലായിരിക്കും ഇത്. രാവിലെയുള്ള എറണാകുളം-ചെല്ലാനം- അന്ധകാരനഴി - അർത്തുങ്കൽ - വണ്ടാനം മെഡിക്കൽ കോളജ് സർവീസ് വൈകുന്നേരം തിരികെയും ആരംഭിക്കും. ചേർത്തലയിൽ നിന്നും കമ്പത്തേക്കും പഴനിയിലേക്കുമുള്ള സർവീസുകൾ ലാഭകരമാക്കുന്നതിന് റൂട്ട് പുനക്രമീകരിക്കും.