തണ്ണീർമുക്കം ഫെസ്റ്റ്; കൊടിക്കൂറ ഉദ്ഘാടനം ചെയ്തു
1512850
Tuesday, February 11, 2025 12:05 AM IST
തുണ്ണീർമുക്കം: തണ്ണീർമുക്കം ഫെസ്റ്റിന്റെ വിജയത്തിനായി വ്യാപാരികളും പഞ്ചായത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഫെസ്റ്റിന്റെ വിവരങ്ങൾ വിളംബരം ചെയ്യുന്ന കൊടിക്കൂറ സ്ഥാപിക്കും. പഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഫെസ്റ്റിന്റെ വിജയത്തിനായി അണിനിരക്കുന്നതിന്റെ ഭാഗമായാണ് വ്യാപാരികളും രംഗത്തുവരുന്നത്.
വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിക്കേണ്ട കൊടിക്കൂറ, വാരനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ. പ്രസന്നന് കൈമാറി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ, നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ, പിന്നാക്കവികസന കോർപറേഷൻ ചെയർമാൻ കെ. പ്രസാദ്,
ബിജെപി നേതാവ് വെള്ളിയാകുളം പരമേശ്വരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവ പ്രസാദ്, തണ്ണീർമുക്കം ഫെസ്റ്റ് പബ്ളിസിറ്റി കൺവീനർ മിഥുൻ ഷാ, മാത്യു കൊല്ലേലി എന്നിവർ പ്രസംഗിച്ചു.
തണ്ണീർമുക്കം ഫെസ്റ്റിന് നിറച്ചാർത്താകാൻ ഓട്ടോ തൊഴിലാളികളും രംഗത്തുണ്ട്. ഫെസ്റ്റിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്ന പതാക ഓട്ടോറിക്ഷകളിൽ സ്ഥാപിച്ചാണ് ഓട്ടോതൊഴിലാളികൾ ഐക്യദാർഢ്യം വിളംബരം ചെയ്യുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും പാറിപ്പറക്കുന്ന പതാകയുമായാണ് ഒട്ടോറിക്ഷകൾ സഞ്ചരിക്കുന്നത്.
നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പതാകയേന്തുന്ന ഓട്ടോറിക്ഷകൾ കൗതുക കാഴ്ചയാണ്.
ടൂറിസം വികസനം ലക്ഷ്യമിട്ട് നടത്തുന്ന ഫെസ്റ്റിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിക്കുന്നുണ്ട്. മറ്റൊരു പഞ്ചായത്തിനുമില്ലാത്ത അനുകൂല ഘടകങ്ങളാണ് തണ്ണീർമുക്കത്തിനുള്ളത്.
വിശാലമായ കായൽപ്പരപ്പും കൈയെത്തും ദൂരത്തുള്ള പാതിരാമണൽ ദ്വീപുമാണ് മുഖ്യ ആകർഷണം. തണ്ണീർമുക്കം ബണ്ടും വിനോദസഞ്ചാരികളുടെ മനം കവരുന്ന മൺചിറകളും തണ്ണീർമുക്കത്തെ കസവണിയിക്കുന്നു. വൈവിധ്യമാർന്ന ആചാരാനുഷ്ഠാനങ്ങളുള്ള ക്ഷേത്രങ്ങൾ, പൗരാണികതയുടെ സുഗന്ധമുള്ള ദേവാലയങ്ങൾ, രാജഭരണകാലത്തെ ചരിത്ര ശേഷിപ്പുകൾ എന്നിവയും സഞ്ചാരികളെ മാടി വിളിക്കുന്ന ഘടകങ്ങളാണ്.