ശാസ്താംപുറം ചന്തയില്‍ മത്സ്യവിപണന സംസ്കരണ കേന്ദ്രം
1512239
Saturday, February 8, 2025 11:40 PM IST
ചെങ്ങന്നൂര്‍: ആധുനികരീതിയില്‍ നിര്‍മിക്കുന്ന ചെങ്ങന്നൂര്‍ ശാസ്താം പുറം ചന്തയില്‍ മത്സ്യവിപണന സംസ്കരണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും. 2024-2025 വര്‍ഷത്തെ സംസ്ഥാന ബജറ്റിലാണ് പ്രഖ്യാപനം. ഇതിനായി രണ്ടു കോടി രൂപ അനുവദിച്ചു. അഞ്ചരക്കോടി രൂപ ചെലവഴിച്ച് തീരദേശ വികസന കോര്‍പറേഷനാണ് പുനര്‍നിര്‍മാണം നടത്തുന്നത്.
നിലവില്‍ ചന്തയോട് ചേര്‍ന്ന് ഫിഷറീസ് വകുപ്പിന്റെ ഐസ് പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്ന 10 സെന്റ് സ്ഥലത്താണ് രണ്ടു കോടി രൂപ ചെലവഴിച്ച് ഇരു നിലകളിലായി 3800 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഫിഷ് പ്രോസസിംഗ് സെന്റര്‍ നിര്‍മിക്കുന്നത്. താഴത്തെ നിലയില്‍ ആധുനിക രീതിയിലുള്ള മത്സ്യവിപണന, സംസ്കരണ സൗകര്യങ്ങള്‍, ഓഫീസ് സൗകര്യം, റെഡി ടു ഈറ്റ് സൗകര്യങ്ങള്‍, ഹോം ഡെലിവറി, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണ, വിപണന സൗകര്യങ്ങള്‍, ഫ്രീസര്‍ റൂം, ഉള്‍നാടന്‍, ഉണക്കമത്സ്യ സ്റ്റാള്‍, ഫിഷറീസ് ഫിഷ് സ്റ്റാളുകള്‍, മത്സ്യ അച്ചാര്‍ കൗണ്ടറുകള്‍, വിശ്രമ മുറികള്‍, ശുചി മുറികള്‍ എന്നിവയും സെന്ററില്‍ ഉണ്ടാകും.