ഇടനിലക്കാരുടെ ചൂഷണം തടയാൻ സർക്കാർ കൊയ്ത്ത് യന്ത്രങ്ങൾ വാങ്ങണമെന്ന്
1512543
Sunday, February 9, 2025 11:53 PM IST
ഹരിപ്പാട്: പുഞ്ചക്കൃഷി വിളവെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഇടനിലക്കാരുടെ ചൂഷണം തടയാൻ സർക്കാർ ഉടമസ്ഥതയിൽ കൊയ്ത്തുമെതിയന്ത്രങ്ങൾ വാങ്ങണമെന്ന് കർഷകർ. സർക്കാർ ഉടമസ്ഥതയിൽ യന്ത്രങ്ങൾ ഇല്ലാത്തതിനാൽ ഏക്കറിന് ഒരു മണിക്കൂർ മുതൽ രണ്ടു മണിക്കൂർവരെ അധികമായി ഉപയോഗിക്കുന്നതായി കർഷകരും പാടശേഖരസമിതികളും കുറ്റപ്പെടുത്തുന്നു.
ജില്ലയിൽ 168 ഓളം കൊയ്ത്തു മെതിയന്ത്രങ്ങളാണ് ഉണ്ടായിരുന്നത്. ഈ വേളയിൽ സ്വകാര്യഏജൻസികളുടേതോ കൃഷി വകുപ്പിന്റേതോ ആയ കൊയ്ത്തുമെതിയന്ത്രങ്ങൾ ഒരേക്കറിന് പരമാവധി രണ്ടു മണിക്കൂർ കൂടുതൽ സമയം എടുക്കില്ലായിരുന്നെന്നു പാടശേഖരസമിതികളും കർഷകരും കുറ്റപ്പെടുത്തുന്നു.
ജില്ലയിലുണ്ടായിരുന്ന മുഴവൻ യന്ത്രങ്ങളും ഉപയോഗശൂന്യമായതിനെത്തുടർന്നാണ് ഇടനിലക്കാരുടെ വൻതോതിലുള്ള ചൂഷണം ആരംഭിച്ചത്. 1800 മുതൽ 2400 രൂപവരെയാണ് സ്വകാര്യ ഏജൻസികൾ മണിക്കൂറിന് കർഷകരിൽനിന്നും വാടക ഈടാക്കുന്നത്. വിളവെടുപ്പിന് മുൻപ് കളക്ടറുടെ അധ്യക്ഷതയിൽ യന്ത്രഉടമകൾ, ഇടനിലക്കാർ, കർഷകപ്രതിനിധികൾ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് കൊയ്ത്തുയന്ത്രത്തിന് വാടക നിശ്ചയിക്കുമെങ്കിലും ആ തീരുമാനത്തിലല്ല വാടക ഈടാക്കുന്നത്.
കൊയ്ത്ത് യന്ത്രങ്ങൾക്ക് കൃത്രിമക്ഷാമം ഉണ്ടാക്കിയാൽ വിളവെടുപ്പിന് പാകമായ പാടശേഖരങ്ങളുടെ ഭാരവാഹികൾ എന്തുവിലകൊടുത്തും സ്വകാര്യ യന്ത്രങ്ങൾ വരുത്തുമെന്ന് യന്ത്രഉടമകൾക്കും ഏജൻസികൾക്കും അറിയാമെന്നതിനാലാണ് ഇത്തരം ചൂഷണങ്ങൾ നടത്തുന്നത്. ചൂഷണ വിഷയത്തിൽ ഇടനിലക്കാർ സംഘടിതമായാണ് ചൂഷണം നടത്തുന്നത്. വിതയിറക്കി 80 ദിവസംവരെ പിന്നിട്ട പാടശേഖരങ്ങളാണ് അധികവും. എന്നാൽ വിളവെടുപ്പുമായി ബന്ധപ്പെട്ട് അവലോകന യോഗം കൂടുന്നതിനോ യന്ത്രവാടക തീരുമാനിക്കുന്നതിനോ നടപടി സ്വീകരിച്ചിട്ടില്ല. ഇതിനാൽ വിളവെടുപ്പടുക്കുന്ന പാടശേഖരങ്ങൾക്കുപോലും കൊയത്തുമെതിയന്ത്രങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.
20,000 ലധികം ഹെക്ടറിൽ പുഞ്ചക്കൃഷി വിളവെടുപ്പ് നടക്കാനുണ്ടെന്നിരിക്കെ തീരുമാനങ്ങൾ വൈകുന്നത് കർഷകരെയും പാടശേഖരസമിതികളെയും പ്രതിസന്ധിയിലാക്കും. കുട്ടനാട് ഉൾപ്പെടെ ജില്ലയിലെ നെൽകൃഷിയുമായി ബന്ധപ്പെട്ട ഇടനിലക്കാരുടെ ചൂഷണങ്ങൾ തടയുന്നതിനും വിളവെടുപ്പ് സുതാര്യവത്കരിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുകയും സർക്കാർ ഉടമസ്ഥതയിൽ യന്ത്രങ്ങൾ ലഭ്യമാക്കുകയും ചെയ്യണമെന്നുംകർഷകർ ആവശ്യപ്പെടുന്നു.