വികസനക്കുതിപ്പുമായി പുന്നപ്ര തെക്ക് പഞ്ചായത്ത്
1512546
Sunday, February 9, 2025 11:53 PM IST
ആലപ്പുഴ: വികസനക്കുതിപ്പുമായി പുന്നപ്ര തെക്ക് പഞ്ചായത്ത്. ആധുനിക ശ്മശാനം, മാർക്കറ്റ്, ടേക്ക് എ ബ്രേക്ക്, ആധുനിക സ്കൂൾ ക്ലാസ് റൂം ആൻഡ് ഡൈനിംഗ് ഹാൾ, വനിതകൾക്കായുള്ള ഫിറ്റ്നസ് സെന്റർ, ഖാദി നവീകരണം എന്നിവ ഉദ്ഘാടനത്തിന് സജ്ജമായതായി പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ വിവിധ സംരംഭങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയ മാർക്കറ്റ് കെട്ടിട്ടം 50,81,726 രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. മാർക്കറ്റ് കെട്ടിടത്തിൽ എട്ട് കടമുറികളും മത്സ്യക്കച്ചവടത്തിനായുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് മാർക്കറ്റ് കെട്ടിടം നിർമിച്ചിരിക്കുന്നത്. പായിക്കാരൻ ആദംകുട്ടി മെമ്മോറിയൽ പബ്ലിക് മാർക്കറ്റ് എന്നായിരിക്കും മാർക്കറ്റ് കെട്ടിടത്തിന്റെ പേര്. ടോയ്ലറ്റ്, വാട്ടർ മാനേജ്മെന്റ്, വേസ്റ്റ് ബയോഗ്യാസ് പ്ലാന്റ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ഒന്നാം നിലയിലാണ് കെട്ടിടം ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുംവിധം ടോയ്ലറ്റ്, വിശ്രമിക്കാനുള്ള സൗകര്യം, കോഫി ഏരിയ, മുലയൂട്ടൽ സൗകര്യം, ജനകീയ ഭക്ഷണശാല എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 32,15,296 രൂപയാണ് ഇതിനായി ചെലവഴിച്ചത്. അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ ആദ്യത്തെ സംരംഭമാണിത്. പുന്നപ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നിലയിൽ 2000 ചതുരശ്ര മീറ്ററിലാണ് വനിതകൾക്കുള്ള ഫിറ്റ്നസ് സെന്റർ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും ആധുനികമായ ഉപകരണങ്ങളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. കെട്ടിടനിർമാണത്തിന് 20,76,406 രൂപയും ഉപകരണങ്ങൾ വാങ്ങുന്നതിന് 10 ലക്ഷം രൂപയും ഫർണിച്ചർ വാങ്ങുന്നതിന് 25,000 രൂപയും ചേർന്ന് 31,01,406 രൂപ ഇതിനായി ചെലവഴിച്ചിരിക്കുന്നു.
പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽനിന്നാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ ആദ്യത്തെ സംരംഭമാണിത്. പതിനാലാം വാർഡിൽ 64 സെന്റ് സ്ഥലത്താണ് ആധുനിക സ്മശാനം നിർമിച്ചിരിക്കുന്നത്. ഗ്രാമ -ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളുടെ ഫണ്ട് ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. മിനി മീറ്റംഗ് ഹാൾ, കോഫി ഏരിയ, ടോയ്ലറ്റ്, ഉയരം കൂടിയ ചുറ്റുമതിൽ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
1,30,0500 രൂപ ചെലവഴിച്ച് അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ ശ്മശാനം സജ്ജീകരിച്ച ഏക പഞ്ചായത്ത് പുന്നപ്ര തെക്ക് പഞ്ചായത്താണ്. സംസ്ഥാനത്തെ ആദ്യ അറ്റാച്ച്ഡ് ടോയ്ലറ്റോടു കൂടിയ ശീതീകരിച്ച ക്ലാസ് റൂം ഗവ. സി.വൈ.എം.എ സ്കൂളിൽ നിർമാണം പുരോഗമിക്കുന്നു. കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്ന ഡൈനിംഗ് ഹാൾ ശീതീകരിച്ച സംവിധാനങ്ങളോടുകൂടിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനായി 12,23,000 രൂപ ചെലവഴിച്ചു.
ഖാദി ബോർഡിന്റെ നിയന്ത്രണത്തിലുള്ള നൂൽനൂല്പ് കേന്ദ്രത്തിന് സെൻട്രലൈസ്ഡ് വർക്കിംഗ് യൂണിറ്റും ഒരു നെയ്ത്ത് യൂണിറ്റും അനുവദിച്ചു.
വൺ ലോക്കൽ ബോഡി വൺ ഐഡിയ പദ്ധതി പ്രകാരമാണ് നടപ്പിലാക്കിയത്. ഇതിലൂടെ 15 പുതിയ വനിതകൾക്കുകൂടി തൊഴിൽ ലഭ്യമാക്കാൻ കഴിയും. നിലവിൽ നൂൽനൂൽപ്പിനായി 20 വനിതകൾ ഇവിടെ ജോലി ചെയ്തു വരുന്നു. കേരള ഖാദി ആൻഡ് വർക്കേഴ്സ് ഇൻഡസ്ട്രീസ് ബോർഡിന്റെ നിയന്ത്രണത്തിലുള്ള യൂണിറ്റ് 1984ൽ ആരംഭിച്ചതാണ്. പുതിയ യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന് 14,83,750 രൂപ ചെലവഴിച്ചു.
പഞ്ചയത്തിലെ 13 അങ്കണവാടികൾ എസി സംവിധാനം ചെയ്യാൻ കഴിഞ്ഞതായും പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് പറഞ്ഞു. വൈസ് പ്രസിഡന്റ് സുധര്മ ഭുവനചന്ദ്രന്, പി.പി. ആന്റണി, സുലഭ ഷാജി, സെക്രട്ടറി ആര്.ആര്.സൗമ്യറാണി, ക്ലര്ക്ക് ദേവിക, എ.ഇ. ബനഡിക്, പ്രൊജക്ട് അസി. രോഹിത്, സജിത് എന്നിവരും ഒപ്പമുണ്ടായിരുന്നു.