പാതിവില തട്ടിപ്പ്: കായംകുളം നഗരസഭ കൗൺസിലറും സിപിഎം നേതാവും പ്രതികൾ
1512232
Saturday, February 8, 2025 11:40 PM IST
കായംകുളം: പാതിവിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും വാഗ്ദാനം നൽകി നടന്ന തട്ടിപ്പിൽ കായംകുളം നഗരസഭാ കൗൺസിലറെയും സിപിഎം പ്രാദേശിക നേതാവിനെയും പ്രതിയാക്കി പോലീസ് കേസെടുത്തു.
കായംകുളം നഗരസഭയിലെ സിപിഎം കൗൺസിലർ ഷെമിമോൾ, സിപിഎം എരുവ ലോക്കൽ കമ്മിറ്റി അംഗം നാദിയ എന്നിവർക്കെതിരേയാണ് കായംകുളം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പണം നഷ്ടപ്പെട്ടവരുടെ പരാതിയിലാണ് കേസ്.
മുതുകുളം കേന്ദ്രമായ സീഡ് സൊസൈറ്റിയിൽ കൗൺസിലർ ഷെമിയുടെ നിർദേശ പ്രകാരമാണ് അംഗമായതെന്നും പരാതിയിൽ പറയുന്നുണ്ട്.
സീഡ് സൊസൈറ്റിയുടെ മുഖ്യസംഘാടകയെന്നു പരിചയപ്പെടുത്തിയാണ് ഷെമിമോൾ ഇടപാടുകാരെ സമീപിച്ചത്. ഏഴു മാസം മുമ്പ് പലരും പദ്ധതിയിൽ പണമടച്ചു.
സ്കൂട്ടറും ഗൃഹോപകരണങ്ങളും പകുതി വിലയ്ക്കു കിട്ടുമെന്ന് സീഡ് സൊസൈറ്റി അറിയിച്ചിരുന്നു. സൊസൈറ്റിയിൽ ചേരാൻ റജിസ്ട്രേഷൻ ഫീസായി 330 രൂപ വാങ്ങിയിരുന്നു. പോലീസ് എടുത്ത എല്ലാ കേസിലും തട്ടിപ്പിന്റെ സൂത്രധാരൻ അനന്തുകൃഷ്ണനാണ് ഒന്നാം പ്രതി. കായംകുളം പോലീസ് സബ്ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിൽ ഇതുവരെ 45 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.