ആയുർവേദത്തിനെതിരേ കുപ്രചരണം നടത്തിയാൽ നിയമനടപടി
1512237
Saturday, February 8, 2025 11:40 PM IST
മാവേലിക്കര: ആയുർവേദ ചികിത്സാ ശാസ്ത്രത്തിനും ഔഷധങ്ങൾക്കുമെതിരേ ബോധപൂർവമായി കുപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ ആയുർവേദ ഹോസ്പിറ്റൽസ് മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം തീരുമാനിച്ചു.
നൂറ്റാണ്ടുകളായി നിലനിൽക്കുന്നതും രോഗ ചികിത്സയ്ക്കും ശരീരസംരക്ഷണത്തിനും അത്യന്തം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ശാസ്ത്രമാണ് ആയുർവേദം. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരു ചികിത്സാവിഭാഗമായി അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആയുർവേദ ശാസ്ത്രത്തിനെതിരേ അടിസ്ഥാനരഹിതമായി നടത്തുന്ന ഇത്തരം പരാമർശങ്ങൾ തീർത്തും കുറ്റകരമാണ്. എഎച്ച്എം എ ജില്ലാ പ്രസിഡന്റ് ഡോ. രവികുമാർ കല്യാണിശേരിൽ അധ്യക്ഷത വഹിച്ച സമ്മേളനം എം.എസ്. അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഡോ. എ. വി. ആനന്ദ രാജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഡോ. ഷിനോയി ആയുർക്ഷേത്ര റിപ്പോർട്ടും ട്രഷറര്‍ ഡോ. സി. കെ. മോഹൻ ബാബു പ്രമേയവും അവതരിപ്പിച്ചു.