തെരുവുനായ ഭീതിയിൽ ചാരുംമൂട്: പേവിഷബാധ ലക്ഷണം കണ്ട വിദ്യാർഥി ഗുരുതരാവസ്ഥയിൽ
1512225
Saturday, February 8, 2025 11:40 PM IST
കായംകുളം: ചാരുംമൂട്ടില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് പേവിഷബാധ. അതീവ ഗുരുതരാവസ്ഥയില്‍ കുട്ടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ദേഹത്തേക്ക് മൂന്നുമാസം മുമ്പ് നായ ചാടിവീണിരുന്നു. സ്കൂളില്‍നിന്ന് വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സൈക്കിളില്‍ പോകുന്നതിനിടെ കുട്ടി താഴെ വീണിരുന്നു. ഈ സമയത്താണ് നായ ദേഹത്തേക്ക് ചാടിവീണത്.
എന്നാല്‍, കുട്ടിയുടെ ദേഹത്ത് പോറലുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വാക്സിനും എടുത്തിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് കുട്ടി പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. പനിയും മറ്റ് ലക്ഷണങ്ങളുമാണ് അനുഭവപ്പെട്ടത്. പലതവണ ചികിത്സിച്ചിട്ടും പനി മാറിയില്ല. വെള്ളം കുടിക്കാനും കുട്ടി മടി കാണിച്ചു. വെള്ളം കാണുമ്പോള്‍ പേടിക്കുന്നത് ഉള്‍പ്പെടെയുള്ള അസ്വഭാവിക ലക്ഷണങ്ങള്‍ കുട്ടി പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
വിദ്യാർഥിക്ക് പേ വിഷബാധയുടെ ലക്ഷണം കണ്ടതോടെ ഈ വീടുമായി സഹകരിച്ച പ്രദേശത്തെ നിരവധി പേരെയും വിദ്യാർഥി പഠിക്കുന്ന പറയംകുളത്തെ സ്കൂളിലെ കുട്ടികൾക്കും ആരോഗ്യവകുപ്പ് അധികൃതർ പേ വിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ് നൽകി.
വള്ളികുന്നം പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് നായ ആക്രമണം നടത്തിയത്. ഇവിടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവുനായകള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഇതിനിടെ, ആലപ്പുഴ വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് ഏതാനും ദിവസം മുമ്പ് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കെ നായ ചത്തു. ജനുവരി 31നാണ് നായ ആക്രമിച്ചത്. രണ്ടുപേരുടെ മുഖം കറിച്ചുപറിച്ചിരുന്നു.
പരിക്കേറ്റവര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്കി. 12 മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ ചേര്‍ത്തലയില്‍നിന്ന് പ്രത്യേക പരിശീലനം ലഭിച്ച സംഘം എത്തി നായയെ പിടികൂടുകയായിരുന്നു.
തെരുവ് നായ ഭീതിയിലാണ് ഇപ്പോൾ ചാരുംമൂട്. മാർക്കറ്റിന് സമീപം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. മാർക്കറ്റിനുള്ളിലും സമീപത്തുള്ള കനാൽ പ്രദേശങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് മൂലം തെരുവുനായ ശല്യവും രൂക്ഷമായി. തെരുവുനായ്ക്കൾ കൂട്ടത്തോടെ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. മുമ്പ് നിരവധി പേരെ തെരുവുനായ്ക്കൾ ഇവിടെ ആക്രമിച്ചിട്ടുണ്ട്.
മാർക്കറ്റിനുള്ളിലേക്ക് കയറാൻ പോലും പറ്റാത്തതരത്തിൽ തെരുവുനായ്ക്കളുടെ ശല്യം ഏറിയിരിക്കുകയാണ്. പേവിഷബാധയുള്ള നായ്ക്കളുടെ കടിയേറ്റ തെരുവുനായ്ക്കൾ വരെ ഇവിടെ ഇപ്പോഴും അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ട്.