തിരുവല്ല പുഷ്പമേളയിൽ ഡാലിയ പൂക്കൾ വിരിഞ്ഞു
1512229
Saturday, February 8, 2025 11:40 PM IST
തിരുവല്ല: വിസ്മയക്കാഴ്ചയായി ഡാലിയ പൂക്കൾ വിരിഞ്ഞു. തിരുവല്ല ഹോർട്ടി കൾച്ചറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ മൈതാനത്ത് നടക്കുന്ന പുഷ്പമേളയിലാണ് വയനാട്ടിൽനിന്ന് എത്തിച്ച നൂറുകണക്കിന് ഡാലിയ പുഷ്പങ്ങൾ വിരിഞ്ഞത്. അപൂർവമായ പൂക്കൾ കാണാൻ കഴിഞ്ഞ ദിവസങ്ങളിൽ വൻ ജനത്തിരക്കായിരുന്നു.
വിവിധങ്ങളായ പച്ചക്കറികളും വിദേശത്തുനിന്ന് ഇറക്കിയ അപൂർവ ഇനം പുഷ്പങ്ങളും മേള നഗറിൽ വിരിഞ്ഞു നിൽക്കുന്നത് കണ്ണിന് കുളിർമയായി. പുഷ്പമേളയിൽ ജനത്തിരക്ക് ഏറിയതോടെ മേള ഒരു ദിവസംകൂടി നീട്ടി. നാളെയാണ് സമാപനം. മേള നഗറിൽ വിവിധതരങ്ങളായ രുചിയേറും ഭക്ഷണപദാർഥങ്ങൾ ലഭിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. കുടുംബശ്രീ ഉത്പന്നങ്ങൾ തനതു രുചിയിൽ ലഭ്യമാണ്. എല്ലാദിവസവും വൈകുന്നേരം കലാസന്ധ്യയും ഒരുക്കിയിട്ടുണ്ട്.