പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കണം: ടീച്ചേഴ്സ് സെന്റർ
1512147
Friday, February 7, 2025 11:48 PM IST
മാന്നാർ: പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെഎസ്ടിസി) ആലപ്പുഴ റവന്യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷി സംവരണത്തിന്റെ പേരിൽ അധ്യാപകരെ ദിവസക്കൂലിക്കാരാക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആർജെഡി സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്സ് സെന്റർ ജില്ലാ പ്രസിഡന്റ് എസ്. ശ്രീകുമാർ അധ്യക്ഷനായി. ഷാജു, വി.എം. രാജ്, എസ്. മിനി, ശുഭാ ചന്ദ്രൻ, ശ്രീലതിക, അജിത് ആയിക്കാട് എന്നിവർ പ്രസംഗിച്ചു.
മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് അപാകതകൾ പരിഹരിച്ച് പൂർണ സുരക്ഷയുള്ള ആരോഗ്യ ഇൻഷ്വറൻസ് ഉറപ്പുവരുത്തുക, അഞ്ച് വർഷം പൂർത്തിയായ ഹയർ സെക്കൻഡറി ജൂണിയർ അധ്യാപകരെ സീനിയറാക്കുക, ഡിഎ കുടിശിക അനുവദിക്കുക, ശമ്പളപരിഷ്കരണം നടപ്പാക്കുക, ട്രെയിനിംങ് സ്കൂൾ ടീച്ചേഴ്സ് ശമ്പള സ്കെയിൽ അനുവദിക്കുക, എയ്ഡഡ് നിയമനങ്ങൾക്കെല്ലാം അംഗീകാരം നൽകുക, എല്ലാ സ്കൂളുകളിലും കായികാധ്യാപകരെ നിയമിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.
കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ റവന്യു ജില്ലാ ഭാരവാഹികളായി ഷാജു വി.എം. രാജ് (പ്രസിഡന്റ്), പി.പ്രഭാത്, ശ്രീലതിക (വൈസ് - പ്രസിഡന്റ്) ശുഭാ ചന്ദ്രൻ (ജനറൽ സെക്രട്ടറി), ടെൽമാ വർഗീസ്, എസ്.മിനി, സുജ തോമസ് (ജോ- സെക്രട്ടറിമാർ), ബി. അരുൺ (ട്രഷറർ) എന്നിവരടങ്ങിയ 25 അംഗ ജില്ലാ നിർവാഹക സമിതിയെ സമ്മേളനം തെരഞ്ഞെടുത്തു.