കൊല്ലം-തേനി ദേശീയപാത വികസനം: 3,100 കോടിയുടെ എസ്റ്റിമേറ്റിന് അംഗീകാരം
1512547
Sunday, February 9, 2025 11:53 PM IST
ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത 183 ന്റെ വികസനത്തിനായി 3,100 കോടി രൂപയുടെ എസ്റ്റിമേറ്റിന് കേന്ദ്രസർക്കാരിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചു. ദേശീയപാത വികസനത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമമിട്ടു പാതയുടെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് 3,100 കോടി രൂപ ചെലവഴിക്കാനാണ് പദ്ധതി. കൊല്ലം കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂടുവരെ 62 കിലോമീറ്റർ വികസനത്തിന് 1,350 കോടി. കോട്ടയം മുതൽ പൊൻകുന്നംവരെ 31 കിലോമീറ്റർ വികസനത്തിന് 750 കോടി. മുണ്ടക്കയം മുതൽ കുമളിവരെ 55 കിലോമീറ്റർ വികസനത്തിന് 1,000 കോടി എന്നിങ്ങനെയാണ് എസ്റ്റിമേറ്റ്.
സ്ഥലമേറ്റെടുക്കലിനായുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾ നടന്നുവരികയാണ്. വികസനത്തിന്റെ ആദ്യഘട്ടത്തിൽ പ്രധാനമായും സ്ഥലമേറ്റെടുക്കലിനായാണ് തുക വിനിയോഗിക്കുന്നത്. ഇത് പൂർത്തിയാക്കിയശേഷമാകും പാതയുടെ നവീകരണ, വികസന പ്രവർത്തനങ്ങൾ തുടങ്ങുക. കൊല്ലം-തേനി ദേശീയപാതയുടെ നവീകരണം യാഥാർഥ്യമാകുന്നതിനായി ആവശ്യമായ ഇടപെടലുകൾ നടത്തി മുന്നോട്ടു കൊണ്ടുപോകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
കഴിഞ്ഞ ദിവസം കൊല്ലം-തേനി ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് പുതുക്കിയ അലൈൻമെന്റിന് കേന്ദ്രസർക്കാരിന്റെ അന്തിമ അംഗീകാരം ലഭിച്ചിരുന്നു. 24 മീറ്റർ വീതിയിൽ നാലുവരിയായി നിലവിലുള്ള പാത വികസിപ്പിക്കുന്നതിനാണ് അംഗീകാരം ലഭിച്ചത്.
കൊല്ലം കടവൂരിൽനിന്ന് ആരംഭിച്ച് ആലപ്പുഴ ജില്ലയിലെ മുളക്കുഴ വില്ലേജിലെ ആഞ്ഞിലിമൂട്ടിൽ അവസാനിക്കുന്ന ആദ്യ സ്ട്രെച്ചിലെ റോഡ് നവീകരണത്തിനുള്ള അലൈൻമെന്റിനാണ് കഴിഞ്ഞ ദിവസം അന്തിമ അംഗീകാരം ലഭിച്ചത്.
അഞ്ചാലുംമൂട്, കുണ്ടറ, ചുറ്റുമല, കല്ലട, ഭരണിക്കാവ്, ചക്കുവള്ളി, താമരക്കുളം, ചാരുംമൂട്, ചുനക്കര, മാങ്കാംകുഴി, കൊല്ലകടവ് എന്നിവിടങ്ങളിൽകൂടിയാണ് പാത കടന്നുപോകുന്നത്. ദേശീയപാത 183ന്റെ വികസനവുമായി ബന്ധപ്പെട്ട് നിലവിലുള്ള റോഡ് ഉൾപ്പെടെ ആദ്യഘട്ടത്തിൽ 75 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരുന്നത്. ഒരു വർഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ദേശീയപാത അധികൃതർ ലക്ഷ്യമിടുന്നത്.
ദേശീയപാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലത്തും ഹരിപ്പാടും സ്പെഷൽ തഹസിൽദാർമാരുടെ നേതൃത്വത്തിൽ മൂന്ന് എ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതിന് ആവശ്യമായിട്ടുള്ള റവന്യു നടപടിക്രമങ്ങൾ അതിവേഗം പുരോഗമിച്ചു വരികയാണ്.
പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഭൂമിയെ സംബന്ധിച്ചിട്ടുള്ള വിവരങ്ങളും സർവേ നമ്പരുകളും ഇതിനോടകം ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഭൂമിരാശി പോർട്ടലിൽ അപ്ഡേറ്റ് ചെയ്തുകഴിഞ്ഞു.
കൊല്ലം കടവൂർ മുതൽ വയ്യങ്കരവരെയുള്ള ദൂരം ആദ്യ സ്ട്രെച്ചായും വയ്യാങ്കര മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള ആലപ്പുഴ ജില്ലയിലെ ഭാഗം രണ്ടാമത്തെ സ്ട്രെച്ചായും സമാന്തരമായിട്ടായിരിക്കും ഭൂമി ഏറ്റെടുക്കലും ഹൈവേ നവീകരണ പ്രവർത്തനങ്ങളും നടക്കുക.