തീരത്തെ പൂര്‍ണമായും തഴഞ്ഞ ബജറ്റ്: ഫാ. സേവ്യര്‍ കുടിയാംശേരി
1512235
Saturday, February 8, 2025 11:40 PM IST
ആലപ്പുഴ: കുറെക്കാലമായി തീരപ്രദേശം അവഗണനയിലാണെന്നും രാഷ്ട്രീയപാര്‍ട്ടികളെല്ലാം തീരത്തെ ഉപേക്ഷിച്ചമട്ടാണെന്നും ഫാ. സേവ്യര്‍ കുടിയാംശേ രി. പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റെന്ന നിലയില്‍ മത്സ്യത്തൊഴിലാളികള്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ചതൊന്നും പരിഗണിക്കപ്പെട്ടില്ല.
മത്സ്യമേഖലയ്ക്കായി ഒരു പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചില്ല. തീരസംരക്ഷണത്തിനായി ഒരു പദ്ധതിയുമില്ല. കടല്‍ക്ഷോഭത്തില്‍ വീടും പറമ്പും നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ നടപടിയില്ല.
കടല്‍ക്ഷോഭം പ്രകൃതി ദുരന്ത മായിട്ടു പോലും അംഗീകരിച്ചിട്ടില്ല. മണ്ണെണ്ണ വില കുറച്ചില്ല എന്നു മാത്രമല്ല മണ്ണെണ്ണ ആവശ്യത്തിനു ലഭ്യമാക്കാനും നടപടിയില്ലെന്നും ആലപ്പുഴ രൂപത പിആര്‍ഒ പറഞ്ഞു. മത്സ്യലഭ്യത ഇപ്പോള്‍ വളരെക്കുറവാണ്. ദാരിദ്ര്യാമകറ്റാന് ഒരു മാര്‍ഗവും ചൂണ്ടിക്കാണിച്ചില്ല. സീവാള്‍ ഇല്ലാത്തിടങ്ങളില്‍ സീവാള്‍ നിര്‍മിക്കേണ്ടതുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇക്കാലത്ത് മീന്‍പിടിക്കാന്‍ പോകരുത് എന്നു സര്‍ക്കാര്‍ പറയുന്ന ദിവസങ്ങളില്‍ കോമ്പന്‍സേഷന്‍ നല്കേണ്ടതാണെന്നു മനുഷ്യാവകാശ കമ്മീഷന് പറഞ്ഞിട്ടു പോലും പരിഗണിച്ചില്ലെന്നും മണല്‍ ഖനനത്തിനെതിരേ മീന്‍പിടിത്തക്കാര്‍ പോരാടിക്കൊണ്ടിരിക്കുമ്പോഴാണ് മണല്‍ഖനനത്തിനായി 10 ലക്ഷം നീക്കിവച്ചിരിക്കുന്നതെന്നും അദ്ദേഹം ആക്ഷേപിച്ചു. ഇതു പ്രതിഷേധാര്‍ഹമാണ്. മത്സ്യത്തൊഴിലാളികള്‍ക്കായി നീക്കിവച്ചെന്നു പറയപ്പെടുന്ന 41.10 കോടി രൂപാ കൊണ്ട് ആര്‍ക്ക് എന്തു ലഭിക്കാനാണ്.2465 കോടി രൂപ മാറ്റിവച്ചിരിക്കുന്നത് ഫിഷറീസ് ആൻഡ് അക്വകള്‍ച്ചര്‍ ഡിവലപ്മെന്റിനു വേണ്ടിയാണ്.
പാരമ്പര്യമത്സ്യത്തൊവിലാളികള് അവിടെയും തഴയപ്പെടുന്നുവെന്നും പൊന്തു വഞ്ചിക്കാരുടെ പ്രശ്നങ്ങളും ശ്രദ്ധിക്കപ്പെട്ടില്ലെന്നും മീന്‍പിടിത്തക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കാതെയാണ് ധനമന്ത്രി ബജറ്റവതരിപ്പിച്ചിരിക്കുന്നതെന്നും ഫാ. സേവ്യര്‍ കുടിയാംശേരി പറഞ്ഞു.