സഹകരണ മേഖലയുടേത് തകർക്കാനാകാത്ത ജനവിശ്വാസം: മന്ത്രി പി. പ്രസാദ്
1512233
Saturday, February 8, 2025 11:40 PM IST
ചേർത്തല: സംസ്ഥാനത്തെ സഹകരണമേഖല ആർക്കും തകർക്കാനാകാത്ത ജനവിശ്വാസത്തിന്റെ കരുത്തിലാണെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേർത്തല സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസും വാരനാട് സഹകരണ ബാങ്കിന്റെ ശതാബ്ദിയാഘോഷ പരിപാടികൾ, പദ്ധതികൾ എന്നിവയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തവണ സഹകരണവകുപ്പ് നടത്തിയ നിക്ഷേമപസമാഹരണ യജ്ഞത്തിൽ 23,000 കോടി രൂപയാണ് സമാഹരിക്കാനായത്. ലക്ഷ്യമിട്ടതിന്റെ പലമടങ്ങാണിത്. സഹകരണസ്ഥാപനങ്ങളുടെ നിക്ഷേപം ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കുന്നതും കേരളത്തിന് പ്രതിഷേധിക്കേണ്ടിവന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷയായി. ആർ. നാസർ സ്ട്രോംഗ്റൂം, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ചെയർമാൻ കെ. പ്രസാദ് നിക്ഷേപം സ്വീകരിക്കലും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് സേഫ് ഡെപ്പോസിറ്റ് ലോക്കറും മുൻ എംപി എ.എം. ആരിഫ് കോൺഫ്രൺസ് ഹാളും ഉദ്ഘാടനം ചെയ്തു. സംസ്ഥാന കാർഷികഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സി.കെ. ഷാജിമോഹൻ ഗുരുദേവചിത്രം അനാച്ഛാദനംചെയ്തു.
വാരനാട് സഹകരണബാങ്കിലെ പരിപാടിയിൽ തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല അധ്യക്ഷയായി. ആർ. നാസർ ഗോഡൗണിന് കല്ലിട്ടു. നടൻ ജയൻ ചേർത്തല മുഖ്യാതിഥിയായി.