ഫാ. ഉമ്മൻ പടിപ്പുരയ്ക്കലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു
1512228
Saturday, February 8, 2025 11:40 PM IST
ചാരുംമൂട്: മലങ്കര സുറിയാനി കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനത്തിലെ വൈദികനും കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനുമായ ഫാ. ഉമ്മൻ പടിപ്പുരയ്ക്കലിന്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷങ്ങൾ നടന്നു. അദ്ദേഹത്തിന്റെ സ്വന്തം ഇടവകയായ ചാരുംമൂട് കരിമുളയ്ക്കൽ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ നടന്ന പൗരോഹിത്യ രജതജൂബിലി ആഘോഷങ്ങൾക്ക് ഇന്നലെ രാവിലെ വിശുദ്ധ കുർബാനയോടെ തുടക്കം കുറിച്ചു.
വിവിധ ഭദ്രാസനങ്ങളിലെ ബിഷപുമാരും വൈദികരും കുർബാനയിൽ കാർമികത്വം വഹിച്ചു. തുടർന്ന് പൗരോഹിത്യ രജതജൂബിലി ആഘോഷ സമ്മേളനം മലങ്കര സുറിയാനി കത്തോലിക്ക സഭ പുത്തൂർ രൂപത ബിഷപ് ഡോ. ഗീവർഗീസ് മാർ മക്കാറിയോസ് ഉദ്ഘാടനം ചെയ്തു. പടിപ്പുരയ്ക്കൽ കുടുംബവും പുനരൈക്യവും എന്ന ചരിത്ര പുസ്തകത്തിന്റെ പ്രകാശനം സി ബിസിഐ വൈസ് പ്രസിഡന്റും ബത്തേരി രൂപത അധ്യക്ഷനുമായ ബിഷപ് ഡോ. ജോസഫ് മാർ തോമസ് നിർവഹിച്ചു.
മൂവാറ്റുപുഴ രൂപത അധ്യക്ഷൻ ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ്, ഡോ. സ്റ്റാൻലി റോമൻ, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ. എഡ്വിൻ സാം, ചുനക്കര ഓർത്തഡോക്സ് പള്ളി വികാരി ഫാ. സോജി കോശി, മദർ ലില്ലി ജോസ്, സിസ്റ്റർ അതുല്യ ഡിഎം, സജി ജോൺ പായിക്കാട്ടേത്ത് എന്നിവർ പ്രസംഗിച്ചു.
കരിമുളയ്ക്കൽ സെന്റ് മേരീസ് ഇടവക വികാരി ഫാ. സിൽവസ്റ്റർ തെക്കേടത്ത് സ്വാഗതവും ഫാ. ഉമ്മൻ പടിപ്പുരയ്ക്കൽ നന്ദിയും അർപ്പിച്ചു.