പോക്സോ കേസില്‍ രണ്ടുപേര്‍ പിടിയില്‍
1512230
Saturday, February 8, 2025 11:40 PM IST
അടൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ രണ്ടുപേരെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല വടക്കേതില്‍ മേലെതുണ്ടില്‍ സുനില്‍ കുമാര്‍ (രാജേഷ്, 42), കുരമ്പാല കൊച്ചുതുണ്ടില്‍ വീട്ടില്‍ ശശി (60) എന്നിവരാണ് പിടിയിലായത്.
2021ൽ കോവിഡ് കാലത്ത് എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുട്ടിയുടെ വീട്ടില്‍ മൊബൈല്‍ ചാര്‍ജര്‍ ചോദിച്ചെത്തി ആരുമില്ലാത്ത സമയത്ത് സുനില്‍ കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. രണ്ടാമത്തെ സംഭവം കഴിഞ്ഞ വര്‍ഷം ജൂണിലാണ്. കുട്ടിയുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ചെയ്തു കൊടുത്തത് മുതലെടുത്ത ശശി, സ്വന്തം വീട്ടില്‍വച്ച് കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നു പറയുന്നു.
സ്കൂളില്‍ എത്താതിരുന്ന കുട്ടിക്ക് അധികൃതര്‍ കൗണ്‍സലിംഗ് നല്‍കിയപ്പോഴാണ് ലൈംഗിക അതിക്രമത്തെപ്പറ്റി അറിയുന്നത്. തുടര്‍ന്ന്, പന്തളം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് ഉടനടി കുട്ടിയുടെ വിശദമായ മൊഴിയെടുത്തു. തുടര്‍ന്ന് അന്നുതന്നെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടെ മൊഴിരേഖപ്പെടുത്തുകയും ചെയ്തു.
ഈമാസം അഞ്ചിനാണ് പോലീസ് വിവരം അറിയുന്നതും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതും. അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍, പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്.