മെഡി. കോളജിൽ അനധികൃത അവധിയിൽ പോയ പ്രഫസർമാർക്കെതിരേ നടപടി: മന്ത്രി
1511791
Thursday, February 6, 2025 11:59 PM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ അനധികൃത അവധിയിൽ പോയ രണ്ടു പ്രഫസർമാർക്കെതിരേ അച്ചടക്ക നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി. നിയമസഭയിൽ രമേശ് ചെന്നിത്തല എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ രണ്ട് അസിസ്റ്റന്റ് പ്രഫസർമാരാണ് അനധികൃതാവധിയിലുള്ളത്. ഇവർക്കെതിരേ അച്ചടക്ക നടപടികൾ സ്വീകരിച്ചുവരുന്നു.
ഇതിൽ തീരുമാനമാകുന്ന മുറയ്ക്ക് ഒഴിവുകൾ വരുന്ന പക്ഷം പിഎസ്സി വഴി നിയമനം നടത്തും. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത പത്തോളജി വിഭാഗത്തിലെ മൂന്ന് അസിസ്റ്റന്റ് പ്രഫസർമാർക്കെതിരേയുള്ള അച്ചടക്ക നടപടികളും അന്തിമ ഘട്ടത്തിലാണ്.
നിലവിൽ ഒഴിഞ്ഞുകിടക്കുന്ന പ്രഫസർ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളെല്ലാം പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിഎസ്സിയിൽനിന്നു നിയമന ശിപാർശ ലഭിക്കുന്ന മുറയ്ക്ക് ഇത് നികത്തുമെന്നും മന്ത്രി വ്യക്തമാക്കി.