കയര്‍മേഖലയെ സംരക്ഷിക്കാന്‍ സമരപ്രചാരണ വാഹനജാഥ നാളെ
1511789
Thursday, February 6, 2025 11:59 PM IST
ചേര്‍ത്തല: തകര്‍ന്നടിയുന്ന കയര്‍മേഖലയെ സംരക്ഷിക്കാന്‍ സമഗ്ര പുനരുദ്ധാരണ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പിന്തുണയില്‍ ചെറുകിട ഉത്പാദകരും തൊഴിലാളികളും സമരത്തിന്.
കേരള കയര്‍ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കയര്‍ ലേബര്‍ യൂണിയന്, മാറ്റ്സ് ആന്‍ഡ് മാറ്റിംഗ്സ് സംഘങ്ങള്‍ എന്നിവ ചേര്‍ന്നാണ് സമരം. സമരത്തിനു മുന്നോടിയായുള്ള സമര പ്രചാരണ വാഹനജാഥ നാളെമുതല്‍ പൊന്നാംവെളിയില്നിന്ന് ആലപ്പുഴയിലേക്കു നടക്കും.
നാളെ വൈകുന്നേരം 4.30ന് പൊന്നാംവെളിയില്‍ നടക്കുന്ന സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. അനില്‍കുമാര്‍ ജാഥാവിശദീകരണം നടത്തും. കെപിസിസി സെക്രട്ടറി എം. ലിജു, ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. 10ന് രാവിലെ ആദ്യദിന പരിചരണം കഞ്ഞിക്കുഴിയില്‍ രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോള്‍ ഉസ്മാന് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് പൂങ്കാവില്‍ സമാപന സമ്മേളനം കെപിസിസി സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്യും. 11ന് രണ്ടാംദിന പര്യടനം കെപിസിസി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അത്തിക്കാട് നടക്കുന്ന സമാപന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും.
കയര്‍ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.ആര്. രാജേന്ദ്രപ്രസാദ്, ജനറല്‍ സെക്രട്ടറി എം. അനില്‍കുമാര്‍, ഭാരവാഹികളായ ടി.എസ്. ബാഹുലേയന്, സി.ആര്. സാനു, എം.ജി. സാബു, ധനേഷ് കൊല്ലപ്പള്ളി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.