പക്ഷിപ്പനി നഷ്ടപരിഹാര വിതരണം ഇന്ന്; മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
1511450
Wednesday, February 5, 2025 11:06 PM IST
ആലപ്പുഴ: കോഴി, താറാവ്, കാട കര്‍ഷകര്‍ക്കുള്ള പക്ഷിപ്പനി നഷ്ടപരിഹാര വിതരണത്തിന്റെ യും ജന്തുക്ഷേമ വാരാചരണ സെമിനാറിന്റെയും ഉദ്ഘാടനം ഇന്ന് മൂന്നിന് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ചുങ്കത്തുള്ള സംസ്ഥാന കയര്‍ മെഷീനറി നിര്‍മാണ കമ്പനി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എച്ച്. സലാം എംഎല്‍എ അധ്യക്ഷനാവും.
2024 ഏപ്രില്‍ മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുകയും തുടര്‍ന്ന് ധാരാളം പക്ഷികള്‍ ചാവുകയും രോഗപ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷികളെ ദയാവധം നടത്തുകയും ചെയ്തിരുന്നു. ഇതുമൂലം ജീവനോപാധികള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനമാണ് നടക്കുക. നഷ്ടപരിഹാരമായി 3.06 കോടി രൂപ വിതരണം ചെയ്യും.
പരിപാടിയില്‍ എം പിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, പി.പി ചിത്തരഞ്ജന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ. കെ. ജയമ്മ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനു ഐസക് രാജു, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, നഗരസഭാംഗം പി.എസ്. ഫൈസല്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി. വി. അരുണോദയ, മൃഗരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എസ്. രമ തുടങ്ങിയവര്‍ പങ്കെടുക്കും. ജന്തുക്ഷേമ വാരാചരണത്തിന്റെ ഭാഗമായി പരിപാടിക്കു മുന്നോടിയായി ഉച്ചയ്ക്ക് രണ്ടിന് പക്ഷിപ്പനിയും കരുതല്‍ നടപടികളും ഏകാരോഗ്യവും ജന്തുജന്യരോഗങ്ങളും എന്നീ വിഷയങ്ങളില്‍ സെമിനാറും നടക്കും. വിപിസി കായംകുളം സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. എസ്. സൂരജ്, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. വൈശാഖ് മോഹന്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ഡോ. ദിവ്യ ആര്. തങ്കം മോഡറേറ്ററാകും.