കളഞ്ഞുകിട്ടിയ പണം വിദ്യാർഥി മടക്കി നൽകി
1511449
Wednesday, February 5, 2025 11:06 PM IST
മുഹമ്മ: കളഞ്ഞുകിട്ടിയ പണം മടക്കി നൽകി നിർധന കുടുംബാംഗമായ വിദ്യാർഥി മാതൃകയായി. മുഹമ്മ തെക്കേപുരയ്ക്കൽ സജിത്തിന്റെ മകൻ ശിവപ്രസാദാണ് പണം മടക്കി നൽകിയത്. മുഹമ്മ കെപി മെമ്മോറിയൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ശിവപ്രസാദ് . സ്കൂളിൽനിന്ന് വീട്ടിലേക്ക് വരുമ്പോൾ മുഹമ്മ കമ്യൂണിറ്റി ഹെൽത്ത് സെന്ററിനു മുന്നിൽ പണമടങ്ങിയ പൊതി കിട്ടിയത്. ഉടൻതന്നെ മുഹമ്മ പോലീസ് സ്റ്റേഷനിലെത്തി പണമടങ്ങിയ പൊതി കൈമാറി. മുഹമ്മയിൽ ലോട്ടറി വിറ്റ് നടക്കുന്ന വികലാംഗനായ ബാബുവിന്റെ കൈയിൽനിന്ന് നഷ്ടപ്പെട്ടതായിരുന്നു പണം.
3500 രുപയും ആധാർ കാർഡും മറ്റ് രേഖകളുമാണ് പൊതിക്കെട്ടിൽ ഉണ്ടായിരുന്നത്. പോലീസ് അറിയിച്ചതനുസരിച്ച് സ്റ്റേഷനിലെത്തിയ ബാബു പണമടങ്ങിയ പൊതി ശിവ പ്രസാദിൽനിന്ന് കൈപ്പറ്റി. സ്വന്തമായി വീടില്ലാത്തയാളാണ് സജിത്ത്. ശിവ പ്രസാദും മാതാവുമുൾപ്പെടുന്ന കുടുംബവുമായി സഹോദരിമാരുടെ വീടുകളിൽ മാറി മാറി താമസിക്കുന്നയാളാണ് സജിത്ത്.