കടല്‍ മണല്‍ ഖനനത്തിനെതിരേ ഒന്നിക്കണം: ഡോ. ജയിംസ് ആനാപറമ്പില്‍
1511448
Wednesday, February 5, 2025 11:06 PM IST
ആലപ്പുഴ: കടലിലെ മണല്‍ ഖനനത്തിനെതിരേ തീരവാസികള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് കടല്‍ എന്ന സംഘടനയുടെ ചെയര്‍മാനും ആലപ്പുഴ രൂപതാധ്യക്ഷനുമായ ഡോ. ജയിംസ് ആനാപറമ്പില്‍ ആവശ്യപ്പെട്ടു.
കടലിലെ മണല്‍ ഖനനത്തിനെതിരേ തീരവാസികള്‍ ഒറ്റക്കെട്ടാണ് എന്ന് അദ്ദേഹം സ്മരിച്ചു. പാരമ്പര്യ മത്സ്യത്തൊഴിലാളികള്‍ക്കും തീരവാസികള്‍ക്കും ഹാനികരമാകുന്ന കടല്‍ മണല്‍ ഖനനത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊല്ലം തീരത്തുനിന്ന് 27-33 കിലോമീറ്റര്‍ ആഴമുള്ള ജലപ്പരപ്പിനടിയില്‍ അറബിക്കടലിന്റെ അടിത്തട്ടില്‍ കണ്ടെത്തിയിട്ടുള്ള മണല്‍ നിക്ഷേപത്തിന്റെ മൂന്നു ബ്ലോക്കുകള്‍ ഖനനം ചെയ്യാന്‍ കേന്ദ്ര ഖനി മന്ത്രാലയം സ്വകാര്യ സംരംഭകര്‍ക്കായി ലേലത്തിനു വച്ചിരിക്കുന്നു. ഇന്ത്യയുടെ തെക്കു പടിഞ്ഞാറന്‍ തീരത്തെ ഏറ്റവും ഫലസമൃദ്ധമായ മത്സ്യബന്ധന നിലമാണ് കൊല്ലം പരപ്പ് എന്നറിയപ്പെടുന്ന മേഖല.
ഇന്ത്യൻ തീരത്തെ പാരിസ്ഥിതികമായും ജൈവശാസ്ത്രപരമായും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായാണ് സെൻട്രല്‍ മറൈന്‍ ഫിഷറീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനെ അടയാളപ്പെടുത്തുന്നത്. വര്‍ക്കലയില്‍നിന്നു തുടങ്ങി 84 കിലോമീറ്റര്‍ അകലെ അമ്പലപ്പുഴവരെയുള്ള തീരത്തിനു പടിഞ്ഞാറായി ഏതാണ്ട് 3,200 ചതുരശ്രകിലോമീറ്റര്‍ വരുന്ന പരപ്പ് മത്സ്യവിഭവങ്ങളുടെ വലിയൊരു ശ്രോതസും സങ്കേതതവുമാണ്.
ആയിരത്തോളം ട്രോളറുകളും 500 ഫൈബര്‍ ബോട്ടുകളും നൂറോളം ഇന്‍ ബോര്‍ഡ് എന്ജിന് വള്ളങ്ങളും ഈ മേഖയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീരക്കടലിലേയും ആഴക്കടലിലേയും ഖനനങ്ങള്‍ സമുദ്ര ആവാസവ്യവസ്ഥയെയും തീരദേശ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും മത്സ്യ ലഭ്യതയെയും തീരദേശജനതയുടെ ഉപജീവനത്തെയും ഗുരുതരമായി ബാധിക്കുന്നതാണ് എന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പാരിസ്ഥിതിക സാമൂഹിക ആഘാതപഠനങ്ങളൊന്നും നടത്താതെ ബ്ലൂ ഇക്കോണമിയുടെ പേരില്‍ കടലില്‍ ഖനനം തുടങ്ങിയാല്‍ കടലിലെ ജീവജാലങ്ങള്‍ക്കും തീരദേശത്തിനും ജനങ്ങള്‍ക്കും പരിസ്ഥിതിക്കും വിനാശകരമായ ദുരന്തമായിത്തീരുമെന്ന് ആലപ്പുഴ രൂപത പിആര്‍ഒ ഫാ. സേവ്യര്‍ കുടിയാംശേരിയും കൂട്ടിച്ചേര്‍ത്തു.