സാമൂഹ്യവിരുദ്ധ ശല്യം: ജഡ്ജിയും കളക്ടറും മിന്നൽ സന്ദർശനം നടത്തി
1511445
Wednesday, February 5, 2025 11:06 PM IST
കായംകുളം: ബോട്ട് ടെർമിനലിന്റെ ഭാഗത്ത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായെന്ന പരാതിയെത്തുടർന്ന് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി സബ് ജഡ്ജി പ്രമോദ് മുരളി, കായംകുളം ഡിവൈഎസ്പി എൻ. ബാബു ക്കുട്ടൻ എന്നിവർ അടങ്ങിയ സംഘം കായലോരത്ത് മിന്നൽ സന്ദർശനം നടത്തി.
പോലീസ്, എക്സൈസ്, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾക്ക് സാമൂഹ്യ വിരുദ്ധ ശല്യം ഒഴിവാക്കാൻ വേണ്ട നടപടികൾ ഉടനെ സ്വീകരിക്കാൻ സംഘം കർശന നിർദേശം നൽകി. കൂടാതെ പകൽസമയങ്ങളിലും രാത്രികാലങ്ങളിലും കർശന പരിശോധന നടത്തണമെന്ന് എസ്പിക്കും ഡിവൈഎസ്പിക്കും നിർദേശം നൽകി. ബോട്ട് ടെർമിനലിന്റെ ഫെൻസിംഗ് പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാനും സംഘം ഡിടിപിസിക്ക് നിർദേശം നൽകി.