സര്‍ഗവാസനകളെ തൊട്ടുണര്‍ത്തി ‘സ്പര്‍ശം 2025’
1511444
Wednesday, February 5, 2025 11:06 PM IST
ചന്പക്കുളം: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്പര്‍ശം 2025 സംഘടിപ്പിച്ചു. കുട്ടികളിലെ സര്‍ഗവാസനകള്‍ കണ്ടെത്തുന്നതിനും അവയെ പരിപോഷിപ്പിക്കുന്നതിനുമായി സംഗീതം, ചിത്രകല, നാടകം, സിനിമ എന്നീ വിഷയങ്ങളില്‍ ശില്പശാലകള് ഒരുക്കിയാണ് സ്പര്‍ശം പരിശീലന പരിപാടി നടത്തിയത്.
തലവടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. മങ്കൊമ്പ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ അനുമ എല്‍. മുഖ്യ പ്രഭാഷണം നടത്തി.
പ്രധാനാധ്യാപന് പ്രകാശ് ജെ. തോമസ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ തിയറ്റര്‍ പ്രവര്‍ത്തകനും സംവിധായകനുമായ രവി പ്രസാദ് മായാലില്‍, ചിത്രകാരനും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ ജിനു ജോര്‍ജ്, സംഗീത അധ്യാപികയും സംസ്ഥാന കോര്‍ റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ ഡോ. പാര്‍വതി ബി. രവി, അധ്യാപകനും ചലച്ചിത്ര നിരൂപകനുമായ ആല്‍ബര്‍ട്ട് എം. ജോണ്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ശില്പശാലകള് നയിച്ചു.
സംസ്ഥാന കലോത്സവത്തില്‍ ഭരതനാട്യം, കുച്ചിപ്പുടി ഇനങ്ങളില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ ബി. അദ്വൈത്, കൃപ രാജേഷ് എന്നീ വിദ്യാര്‍ഥികളെ അനുമോദിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റർ ബില്‍ബി മാത്യു, ഷൈനി പി.വി, നാടകകലാകാരൻ ദാസ് ചമ്പക്കുളം, ലിബിന് ഏബ്രഹാം, ഫിലിപ്പോസ് തത്തംപള്ളി എന്നിവര്‍ പ്രസംഗിച്ചു.