സഹായനിധി കൈമാറും
1493670
Wednesday, January 8, 2025 11:09 PM IST
മാന്നാർ: വൃക്കരോഗത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മരണമടഞ്ഞ മാന്നാർ കിഴക്കേ കാട്ടിൽ സന്തോഷിന്റെ ചികിത്സയ്ക്കായി സമാഹരിച്ച തുക കുടുംബത്തിനു നൽകാൻ ചികിത്സ സഹായ കമ്മിറ്റി തീരുമാനിച്ചു. വൃക്ക രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന സന്തോഷ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി വിവിധ രാഷ്ട്രീയ-സാമൂഹിക -സാംസ്കാരിക മേഖലയിലെ നേതാക്കൾ ചേർന്ന് ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. മാന്നാർ വില്ലേജിലെ 11 വാർഡുകളിൽനിന്നായി 10,05,535 രൂപ സമാഹരിച്ചിരുന്നു. ഇതിൽ ഇതുവരെയുള്ള ചികിത്സാ ചെലവുകൾക്കായി 3,05,039 രൂപ വിനയോഗിച്ചു.
ബാക്കി തുകയായ 7,00,496 രൂപയിൽ 5 ലക്ഷം രൂപ സന്തോഷിന്റെ മക്കളുടെ വിദ്യാഭ്യാസത്തിനും ബാക്കി തുക സന്തോഷിന്റെ മാതാപിതാക്കൾക്കുമായി ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാനും ചികിത്സ സഹായ കമ്മിറ്റി തീരുമാനിച്ചു. മാന്നാർ കുട്ടംപേരൂർ വൈഎംസിഎ ഹാളിൽ ചേർന്ന യോഗത്തിന് ചികിത്സാ സഹായ കമ്മിറ്റിയുടെ ചെയർപേഴ്സൺ മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി അധ്യക്ഷത വഹിച്ചു. ചികിത്സ സഹായ കമ്മിറ്റിയുടെ ഖജാൻജിയും പഞ്ചായത്തംഗവുമായ സജു തോമസ് കണക്ക് അവതരിപ്പിച്ചു. ബി.കെ. പ്രസാദ്, ഹരി കുട്ടംപേരൂർ, പി.എൻ. ശെൽവരാജൻ, വി.ആർ. ശിവപ്രസാദ്, മധു പുഴയോരം എന്നിവർ പങ്കെടുത്തു.