കെഎസ്ആർടിസി ചെങ്ങന്നൂർ ഡിപ്പോ ഹൈടെകിലേക്ക്
1493667
Wednesday, January 8, 2025 11:09 PM IST
ചെങ്ങന്നൂർ: കെഎസ്ആർടിസി ചെങ്ങന്നൂർ ഡിപ്പോ ഹൈടെക് ആകുന്നു. പുതിയ കെട്ടിട നിർമാണം തുടങ്ങുന്നതിനു മുന്നോടിയായി നിലവിലെ പഴയ കെട്ടിടങ്ങൾ മകരവിളക്ക് കഴിഞ്ഞാലുടൻ പൊളിച്ചുതുടങ്ങും. ഇതിനുള്ള റീ- ടെൻഡർ നടപടി പൂർത്തിയാക്കി.
നികുതി കൂടാതെ 15 ലക്ഷത്തി ഇരുപതിനായിരം രൂപയുടേതാണ് ലേലം ഉറപ്പിച്ച പുതിയ ടെൻഡർ. ഇതിനു പുറമേ രണ്ടര ലക്ഷത്തി എഴുപതിനായിരം രൂപ നികുതിയിനത്തിൽ വരും. സ്വീകരിച്ച ലേലത്തുക കെട്ടിവച്ചതായും അധികൃതർ പറഞ്ഞു. ഇതോടെ ശബരിമലയുടെ ഇടത്താവളമെന്ന ചെങ്ങന്നൂരിന്റെ പ്രാധാന്യം കൂടി പരിഗണിച്ചുള്ള നവീകരണമാണ് യാഥാർഥ്യമാകാൻ പോകുന്നത്.
നിലവിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടു കൂടിയ ബഹുനിലകെട്ടിട സമുച്ചയമാണ് ഇനി ഉയരുക.
നവീകരിച്ച കെട്ടിടം യാഥാർഥ്യമാകുന്നതോടെ പൊതുജനങ്ങൾക്കു പുറമേ, ജീവനക്കാർക്കുള്ള അടിസ്ഥാന, വിശ്രമ സൗകര്യങ്ങളും മെച്ചപ്പെടും. പാലക്കാട്, ചങ്ങനാശേരി സ്റ്റേഷനുകളിലേതിനു തുല്യമായ എസി ഡോർമെറ്ററിയായിരിക്കും ചെങ്ങന്നൂരിലുണ്ടാകാൻ പോകുന്നതെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടെ നിലവിലെ ശോച്യാവസ്ഥകൾക്കും പരാതികൾക്കും പരിഹാരമാകും. പുതിയ അന്തർ സംസ്ഥാന സർവീസിനടക്കം ഹൈടെക് നിലവാരത്തിലുള്ള ബസുകളും ലഭ്യമാക്കും.
എംസി റോഡരികിൽ നിലവിലെ ഗാരേജിന്റെ ഇരുവശങ്ങളിലായാണ് പുതിയ കെട്ടിട സമുച്ചയം ഉയരുക. മധ്യഭാഗത്ത് സർവീസ് ബസുകളുടെ പാർക്കിംഗ് ഏരിയയായിരിക്കും. റോഡരികിലേത് ഷോപ്പിംഗ് കോംപ്ലക്സോടുകൂടിയ കെട്ടിടമായിരിക്കും നിർമിക്കുക.