അർത്തുങ്കൽ തിരുനാളിന് ഒരുങ്ങുന്നു; പ്രധാനതിരുനാള് 20ന്
1493536
Wednesday, January 8, 2025 6:56 AM IST
ചേര്‍ത്തല: പ്രസിദ്ധമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ 379-ാമത് മകരം തിരുനാളിന് പത്തിന് കൊടിയേറും.
27 വരെയാണ് തിരുനാൾ. തിരുനാൾ ദിനങ്ങളിൽ ദിവസവും രാവിലെ 5.30ന് ദിവ്യബലി, 6.45ന് പ്രഭാതപ്രാർഥന, ദിവ്യബലി വൈകുന്നേരം അഞ്ചിന് ജപമാല, നൊവേന. ആറിന് ദിവ്യബലി എന്നിവയും 11 മുതല്‍ 14 വരെ വൈകുന്നേരം 7.30 മുതല്‍ ഒമ്പതുവരെ ഫാ. യേശുദാസ് കൊടിവീട്ടില്‍ നയിക്കുന്ന ധ്യാനവും ഉണ്ടായിരിക്കുമെന്ന് ബസിലിക്ക റെക്ടർ റവ.ഡോ. യേശുദാസ് കാട്ടുങ്കല്‍ത്തയ്യിൽ, അസി. വികാരിമാരായ ഫാ. ഡെൻസി ബെഞ്ചമിൻ കാട്ടുങ്കൽ, ഫാ. ജേക്കബ് ആൻസൻ പുത്തൻചക്കാലയ്ക്കൽ, ഫാ. ജോസഫ് അൽഫോൻസ് കൊല്ലാപ്പറമ്പിൽ എന്നിവർ പറഞ്ഞു.
10ന് വൈകുന്നേരം നാലിന് പാലായിൽനിന്ന് തിരുനാൾ പതാക അർത്തുങ്കൽ ബസിലിക്കയിലെത്തും. തുടർന്ന് തിരുനാൾ വിളംബര വെടിമുഴക്കം. 5.30ന് തിരുനാൾ പതാക പ്രയാണം പ്രധാന കടൽത്തീരത്തുനിന്ന് ആരംഭിക്കും. തുടര്‍ന്ന് 6.30ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. ഏഴിനു പൊന്തിഫിക്കൽ ദിവ്യബലിക്ക് കൊല്ലം രൂപത ബിഷപ് ഡോ. സ്റ്റാൻലി റോമൻ കാർമികത്വം വഹിക്കും.
തിരുനാള്‍ ദിനങ്ങളില്‍ വിവിധ സമയങ്ങളിലായി തുടര്‍ച്ചയായി ദിവ്യബലിയുണ്ടായിരിക്കും. 11നു വനിതാദിനം, 12നു സാമൂഹികദിനം, 13നു തൊഴിലാളിദിനം, 14നു സന്യസ്തദിനം, 15നു സാംസ്ക്കാരികദിനം, 16നു സമുദായദിനം, 17നു മാതൃപിതൃദിനമായി ആചരിക്കും. 18നാണ് തിരുസ്വരൂപ നടതുറക്കല്‍. രാവിലെ അഞ്ചിനു നടതുറക്കൽ തിരുസ്വരൂപ വന്ദനം. തുടര്‍ന്ന് ദിവ്യബലി- ഫാ. പോൾ ജെ. അറയ്ക്കല്‍. വചനപ്രഘോഷണം-ഫാ. കപ്പിസ്ഥാൻ ലോപ്പസ്. 11നു മലങ്കര റീത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. തിരുവല്ല ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം ആറിനു പൊന്തിഫിക്കൽ ദിവ്യബലി.
വാരാപ്പുഴ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യകാർമികത്വം വഹിക്കും. 19നു യുവജനദിനം. രാവിലെ 11നു സീറോ മലബാര്‍ റീത്തില്‍ ആഘോഷമായ ല്‍ ദിവ്യബലി. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
തിരുനാൾ മഹോത്സവ ദിനമായ 20ന് രാവിലെ 5.30 മുതല്‍ തുടര്‍ച്ചയായി ദിവ്യബലിയുണ്ടാകും. 11ന് തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലി. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. വൈകുന്നേരം മൂന്നിന് തിരുനാള്‍ ദിവ്യബലി കണ്ണൂർ രൂപത വികാരി ജനറാൾ ഡോ. ക്ലാരൻസ് പാലിയത്ത് മുഖ്യകാർമികത്വം വഹിക്കും. തുടര്‍ന്ന് ചരിത്ര പ്രസിദ്ധമായ ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന തിരുനാള്‍ പ്രദക്ഷിണം. 21ന് ധന്യ മദര്‍ ഫെര്‍ണാണ്ട റീവയുടെ അനുസ്മരണം. 11ന് ദിവ്യബലി-ഫാ.അലൻ ലെസ്കി പനയ്ക്കൽ.
22നു ദൈവദാസൻ മോണ്‍. റൈനോള്‍ഡ്സ് പുരയ്ക്കൽ അനുസ്മരണം. 23ന് ആതുരശുശ്രൂഷാദിനം. വൈകുന്നേരം ആറിനു പൊന്തിഫിക്കൽ ദിവ്യബലി. വിജയപുരം സഹായമെത്രാൻ ഡോ.ജസ്റ്റിൻ അലക്സാണ്ടർ മുഖ്യകാർമികത്വം വഹിക്കും. 24ന് ഭിന്നശേഷിക്കാരുടെ ദിനം. 25ന് കാരുണ്യദിനം. 26നു ദൈവദാസൻ സെബാസ്റ്റ്യൻ പ്രസന്റേ ഷൻ അനുസ്മരണം. രാവിലെ 11നു പൊന്തിഫിക്കല്‍ ദിവ്യബലി. കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി മുഖ്യകാര്‍മികത്വം വഹിക്കും. 27ന് കൃതജ്ഞതാദിനം. വൈകുന്നേരം മൂന്നിന് തിരുനാൾ സമൂഹബലി. ബിഷപ് എമരിറ്റസ് ഡോ.ജോസഫ് കരിയിൽ മുഖ്യകാർമികത്വം വഹിക്കും.
പാർക്കിംഗ്
തിരുനാൾ ദിനങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പള്ളിയുടെ വിവിധയിടങ്ങളിലായി സ്ഥലം പാർക്കിംഗിനായി ഒരുക്കിയിട്ടുണ്. ആലപ്പുഴയിൽനിന്ന് വരുന്ന കെഎസ്ആർടിസി ബസ്സുകൾ പള്ളിയുടെ മുമ്പിലൂടെ വടക്ക് സെന്റ് ജോർജ് പള്ളി മൈതാനത്തും ചേർത്തലയിൽനിന്നു വരുന്ന കെഎസ്ആർടിസി ബസുകൾ തെക്ക് പിഎച്ച്സിയുടെ സമീപത്തുള്ള മൈതാനത്തും പാർക്ക് ചെയ്യണമെന്നാണ് പോലീസ് നിർദ്ദേശം. തിരുനാളിനോടനുബന്ധിച്ച് തീർഥാടകർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കൈക്കാരന്മാരായ ജോസി സ്റ്റീഫൻ പുളിക്കല്‍, ടോമി ചിന്നപ്പൻ പള്ളിപ്പറമ്പില്‍, വിബിൻ പോൾ വലിയവീട്ടില്‍ എന്നിവർ അറിയിച്ചു.