കുട്ടനാട് താലൂക്ക് അദാലത്തിൽ 417 പരാതികൾ
1493102
Monday, January 6, 2025 11:26 PM IST
ആലപ്പുഴ: വികസനത്തോടൊപ്പം ക്ഷേമവും എന്നതാണ് സർക്കാരിന്റെ നയമെന്നും അതിനാൽ പരാതി പരിഹാരവും ക്രിയത്മകമായി നടക്കണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചട്ടത്തിനും നിയമത്തിനും അപ്പുറത്ത് മാനുഷികപരിഗണനകൂടി നൽകേണ്ടിവരും. ഉദ്യോഗസ്ഥർക്ക് കഴിയാത്ത ചില തീരുമാനങ്ങൾ അദാലത്തിൽ മന്ത്രിമാർക്ക് എടുക്കാൻ കഴിയുന്നു എന്നതാണ് അദാലത്തിന്റെ ഏറ്റവും വലിയ വിജയം. കുട്ടനാട് താലൂക്ക് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് മങ്കൊമ്പ് എം.എസ്. സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം ഓപ്പൺ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ എട്ടുവർഷമായി സംസ്ഥാന സർക്കാർ ഏറ്റവും അധികം പണം നിക്ഷേപിച്ച മണ്ഡലമാണ് കുട്ടനാടെന്നും മന്ത്രി പറഞ്ഞു. കൃഷിമന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായി. തോമസ് കെ. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ 23 പേർക്ക് മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, എഡിഎം ആശ സി. ഏബ്രഹാം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബിനു ഐസക് രാജു, എം.വി. പ്രിയ, സബ് കളക്ടർ സമീർ കിഷൻ, തഹസിൽദാർ പി.ഡി. സുധി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗീതാ ബാബു, പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജിൻസി ജോളി, പി.കെ. വേണു ഗോപാൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.സി. പ്രസാദ്, ടി. ജി. ജലജകുമാരി എന്നിവർ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് ആരംഭിച്ചു. അദാലത്ത് ദിവസം ഏത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും നിയമവും ചട്ടങ്ങളും പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാനുള്ള പ്രത്യേക അധികാരം മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പുതിയ അപേക്ഷകള്‍ സ്വീകരിക്കാൻ ഏഴു കൗണ്ടറുകൾ അദാലത്ത് വേദിയില്‍ ഒരുക്കിയിരുന്നു. അദാലത്തിന് എത്തുന്നവർക്കായി റിസപ്ഷന്, അന്വേഷണ കൗണ്ടറുകള്‍, കടിവെള്ളം, ലഘുഭക്ഷണം, വൈദ്യസേവനം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹരിതചട്ടം പാലിച്ചുകൊണ്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
25 കുടുംബങ്ങൾക്ക് റേഷൻ കാർഡ്
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ കരുതലും കൈത്താങ്ങും അദാലത്തിൽ 25 കുടുംബങ്ങൾക്ക് അനുവദിച്ച റേഷൻ കാർഡുകൾ വിതരണം ചെയ്തു.
20 അന്ത്യോദയ അന്നയോജന (എഎവൈ) റേഷൻ കാർഡുകളും അഞ്ചു മുൻഗണനാ (പ്രയോറിറ്റി ഹൗസ്ഹോൾഡ് -പിഎച്ച്എച്ച്) റേഷൻ കാർഡുകളുമാണ് വിതരണം ചെയ്തത്.
എഎവൈ റേഷൻ കാർഡ് അനുവദിച്ചു കിട്ടിയവർ: സുകുമാരി (നെടുമുടി), ശ്രീകുമാരി (പൊങ്ങ), മണിയമ്മ (നെടുമുടി), സുധ (രാമങ്കരി), പൊന്നമ്മ സദാനന്ദൻ (രാമങ്കരി), ലിസിയമ്മ (രാമങ്കരി), പങ്കജാക്ഷി (പുളിങ്കുന്ന്), ഇന്ദിര നാരായണൻകുട്ടി (പുളിങ്കുന്ന്), ബിന്ദു സജീവ് (ചമ്പക്കുളം), പി.ആർ. അമ്മിണിക്കുട്ടി (പുളിങ്കുന്ന്), കത്രീനാമ്മ ജോസഫ് (ചമ്പക്കുളം), സുമതി (ചമ്പക്കുളം), ടി.ടി. ജെസി (നെടുമുടി), ഭദ്രമ്മ (നെടുമുടി), ജയമ്മ ചാക്കോ (പുളിങ്കുന്ന്), കുഞ്ഞുമോൾ (പുളിങ്കുന്ന്), തങ്കമ്മ ജോസഫ് (പുളിങ്കുന്ന്), ഷൈല (നെടുമുടി), പൊന്നമ്മ (പുളിങ്കുന്ന്), മിനിമോൾ (പുളിങ്കുന്ന്). പിഎച്ച് എച്ച് റേഷൻ കാർഡ് അനുവദിച്ചു കിട്ടിയവർ: പത്മാവതി (പുളിങ്കുന്ന്), ഷിജിമോൾ ജോസഫ് (പുളിങ്കുന്ന്), എ. രമ (തലവടി), ജോൺ മാമ്മൻ (തലവടി), കെ ജി ശിവാനന്ദൻ (തലവടി).
വസ്തു രേഖകളിൽ
ഇല്ല; കൈത്താങ്ങായി അദാലത്ത്
ആലപ്പുഴ: ഒരു നൂറ്റാണ്ടായി പാരമ്പര്യമായി കൈവശം വച്ചുപോന്നിരുന്ന ഭൂമി റിസർവേക്കുശേഷം താലൂക്ക് രേഖകളിൽ ഇല്ലാതെ 12 വർഷമായി തുടർന്നു വന്ന പ്രശ്നത്തിനു പരിഹാരമായി കരുതലും കൈത്താങ്ങും അദാലത്ത്.
മുറിയായിക്കൽ കഞ്ഞിപ്പാടം സ്വദേശി ആന്റണി ജോസഫ് തലമുറകൾ കൈമാറി വന്ന 11 സെന്റ് വസ്തു കുട്ടനാട് വില്ലേജിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, 2003ൽ റീസർവേ നടപടികൾക്കുശേഷം വസ്തു കുട്ടനാട് വില്ലേജ് രേഖകളിൽ ചേർത്തിരുന്നില്ല. വസ്തു റീസർവേ പ്രകാരം അമ്പലപ്പുഴ താലൂക്ക് പരിധിയിൽ ഉൾപ്പെട്ടു.
എന്നാൽ, അമ്പലപ്പുഴ താലൂക്ക് രേഖകളിലും വസ്തു ഉൾപ്പെട്ടിരുന്നില്ല. ഇതുകാരണം 12 വർഷമായി വസ്തുവിന് കരമടയ്ക്കാൻ സാധിച്ചിരുന്നില്ല. വിഷയം പരിശോധിച്ച മന്ത്രി സജി ചെറിയാൻ വസ്തു അമ്പലപ്പുഴ താലൂക്കിൽ കരുമാടി വില്ലേജിൽ അടിയന്തരമായി ഉൾപ്പെടുത്താൻ ഉത്തരവായി. ഇതിനായി 30 ദിവസത്തിനകം വസ്തു അളന്നു തിട്ടപ്പെടുത്താൻ ജില്ലാ സർവേ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.