കെഎസ്ആർടിസി ബസപകടം: പരിക്കേറ്റവരെ കൊടിക്കുന്നിൽ സുരേഷ് എംപി സന്ദർശിച്ചു
1493113
Monday, January 6, 2025 11:26 PM IST
മാവേലിക്കര: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ മാവേലിക്കരയിൽനിന്നു തഞ്ചാവൂരിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെ ബ്രേക്ക് നഷ്ടപ്പെട്ട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ കൊടിക്കുന്നിൽ സുരേഷ് എംപി മുണ്ടക്കയം ആശുപത്രിയിലെത്തി സന്ദർശിച്ചു.
വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഇടപെടൽ നടത്തുകയും ചെയ്തു. മരണപ്പെട്ട നാലുപേരുടെ മൃതദേഹത്തോടൊപ്പം പോസ്റ്റ്മോർട്ടം ചെയ്യുന്ന കോട്ടയം മെഡിക്കൽ കോളജിൽ എത്തിയ എംപി സൂപ്രണ്ടുമായി സംസാരിക്കുകയും പോലീസ്, റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എത്രയും വേഗത്തിൽ നടപടികൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ സ്വദേശമായ മാവേലിക്കരയിലേക്ക് കൊണ്ടുപോകുന്നതിനാവശ്യമായിട്ടുള്ള ക്രമീകരണങ്ങൾ ഉറപ്പുവരുത്തി.
അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സംസ്ഥാന സർക്കാർ എത്രയും പെട്ടെന്ന് നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ആളുകൾക്ക് ആവശ്യമായ വിദഗ്ധ ചികിത്സ സൗജന്യമായി സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു.