ചക്കുളത്തുകാവില്‍ ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറാന്‍ അനുമതി
1493534
Wednesday, January 8, 2025 6:56 AM IST
എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഷര്‍ട്ടും പാന്‍സും ധരിച്ച് ക്ഷേത്രത്തില്‍ കയറാന്‍ അനുമതി. ക്ഷേത്രത്തില്‍ കയറുമ്പോള്‍ പുരുഷന്മാര്ക്ക് ഷര്ട്ടടക്കമുള്ള മേല്‍വസ്ത്രം ധരിക്കാമെന്ന് ചക്കുളത്തുകാവ് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി പറഞ്ഞു.
വസ്ത്രങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ അനാവശ്യവിവാദത്തിന്റെ ആവശ്യമില്ല. വസ്ത്രധാരണം ഓരോരുത്തരുടെയും സ്വകാര്യതയാണ്.
അതില്‍ മാന്യത നിലനിര്‍ത്തണമെന്നേയുള്ളൂ. ഹൈന്ദവര്‍ അനാചാരങ്ങള്ക്കെതിരാണ്. കാലോചിതമായ മാറ്റങ്ങള്‍ എല്ലാ മേഖലയിലും ഉണ്ടാകേണ്ടത് ആവശ്യവുമാണ്. അത്തരം മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ എക്കാലത്തും ഹിന്ദുക്കള്‍ക്ക് സാധിച്ചിട്ടുണ്ട്.
ക്ഷേത്ര ദര്‍ശനത്തിന് ഏതെങ്കിലും പ്രത്യേക തരത്തിലുള്ള വസ്ത്രധാരണ രീതി എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുള്ളതായി അറിവില്ല. വിവാദങ്ങള്‍ക്കു പകരം ഭക്തി വിശ്വാസങ്ങളെ വളര്‍ത്തിയെടുക്കാനുള്ള ഐക്യതയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.