ഗുണ്ടാ പ്രവർത്തനം: നാലുപേരെ കാപ്പ ചുമത്തി നാടുകടത്തി
1493103
Monday, January 6, 2025 11:26 PM IST
ചാരുംമൂട്: നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും നാലു ഗുണ്ടകളെ കാപ്പാ നിയമപ്രകാരം നാടുകടത്തി. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിൽ നടത്തുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനു കുമാറിന്റെ മേൽനോട്ടത്തിലാണ് ചെങ്ങന്നൂര്‍ സബ് ഡിവിഷനില്‍ ക്രിമിനലുകൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയത്.
പാലമേൽ ഉളവുക്കാട് കോടമ്പറമ്പ് വീട്ടിൽ മുഹമ്മദ് റാഫി (26), താമരക്കുളം മേക്കും മുറിയിൽ കളീക്കൽ പുത്തൻവീട്ടിൽ ഉണ്ണി എന്നു വിളിക്കുന്ന ശരത് കുമാർ (25), താമരക്കുളം കിഴക്കും മുറിയിൽ വി.വി. നിവാസ് വീട്ടിൽനിന്നു വെൺമണി ഏറം മുറിയിൽ താമസിക്കുന്ന വിശാഖ് വിജയന് (29), നൂറനാട് നെടുകുളഞ്ഞി വൃന്ദാവനം വീട്ടിൽ അമ്പിളി എന്നു വിളിക്കുന്ന രാജേഷ് (32) എന്നിവരെയാണ് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കേര്‍പ്പെടുത്തി നാടുകടത്തിയത്.
നൂറനാട് പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി തോംസൺ ജോസ് ആണ് കാപ്പ നിയമപ്രകാരം ഇവരെ നാടുകടത്തി ഉത്തരവു പുറപ്പെടുവിച്ചത്. ഇതിൽ മുഹമ്മദ് റാഫിയെ ഒരു വർഷക്കാലത്തേക്കും മറ്റുള്ളവരെ ആറു മാസകാലത്തേക്കുമാണ് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
കൊലപാതകശ്രമം, വീട് കയറി ആക്രമണം, സ്ത്രീകൾക്ക് നേരെയുള്ള അക്രമം, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി കേസുകളിൽ എല്ലാവരും പ്രതികളാണ്.