അഭ്യാസപ്രകടനവുമായി യുവാക്കൾ; പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്
1493528
Wednesday, January 8, 2025 6:56 AM IST
അമ്പലപ്പുഴ: രാത്രികാലങ്ങളിൽ പാലത്തിൽ ബൈക്കുകളിൽ യുവാക്കളുടെ അഭ്യാസപ്രകടനം. പരിശോധന നടത്തി മോട്ടോർ വാഹനവകുപ്പ്. ആലപ്പുഴ, കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലത്തിലാണ് കഴിഞ്ഞ ഏതാനും ദിവസമായി യുവാക്കൾ കൂട്ടമായി ബൈക്കുകളിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയത്. ബൈക്ക് സ്റ്റാന്റ് റോഡിൽ ഉരച്ച് തീപ്പൊരി ചിതറിച്ചാണ് യുവാക്കൾ ബൈക്കുകൾ ഓടിച്ചിരുന്നത്.
അപകടത്തിനു കാരണമാകുന്ന ഇത്തരം അഭ്യാസങ്ങൾക്കെതിരേ സ്ത്രീകളടക്കമുള്ള യാത്രക്കാർ മോട്ടോർ വാഹനവകുപ്പിനു പരാതി നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ രാത്രിയിൽ ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ രമണന്റെ നേതൃത്വത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ രാത്രിയിൽ മഫ്തിയിൽ പരിശോധന നടത്തി. പാലത്തിന്റെ ഇരുവശത്തുമായി രണ്ടു സംഘമാണ് പരിശോധന നടത്തിയത്.
ഇനിയും ഇത്തരത്തിൽ അപകടകരമായ രീതിയിൽ ബൈക്കുകൾ ഓടിച്ചാൽ ഇവരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് ആർടിഒ രമണൻ പറഞ്ഞു. ഇത്തരം ഡ്രൈവിംഗുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഇവയുടെ വീഡിയോയും ചിത്രങ്ങളും പൊതുജനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ എം പരിവാഹനിൽ അപ് ലോഡ് ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും ആർടിഒ പറഞ്ഞു.