എരുമേലി പേട്ടതുള്ളലിനും മകരവിളക്കിനും അമ്പലപ്പുഴ സംഘം പുറപ്പെട്ടു
1493109
Monday, January 6, 2025 11:26 PM IST
അമ്പലപ്പുഴ: എരുമേലി പേട്ടതുള്ളലിനും മകരവിളക്കു ദർശനത്തിനുമായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു. ഇന്നലെ പുലർച്ചെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽനിന്നാണ് ശരണം വിളികളുടെ അകമ്പടിയോടെ സംഘം മലകയറാൻ യാത്രയായത്.
സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് പത്തു ദിവസത്തെ യാത്ര നടത്തുന്നത്. ഞായറാഴ്ച രാത്രിയോടെ അയ്യപ്പന്മാർ ഇരുമുടിക്കെട്ടുനിറച്ച് അമ്പലപ്പുഴ ക്ഷേത്രത്തിലെത്തിയിരുന്നു. പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള സ്വർണത്തിടമ്പ് ക്ഷേത്രത്തിൽ പൂജിച്ചശേഷം ക്ഷേത്രം മേൽശാന്തി കണ്ണമംഗലം കേശവൻ നമ്പൂതിരി സമൂഹപ്പെരിയോനു കൈമാറി. 35 മാളികപ്പുറങ്ങൾ ഉൾപ്പെടെ 250 സ്വാമി ഭക്തർ യാത്രയെ അനുഗമിക്കും.
രണ്ടാം ദിനം രാവിലെ 7.30നു യാത്ര തുടങ്ങും. ഉച്ചഭക്ഷണം ആനപ്രമ്പാൽ ക്ഷേത്രത്തിലാണ്. മൂന്നാം ദിവസം രാവിലെ പുനരാരംഭിക്കുന്ന യാത്രയിൽ മണിമലക്കാവിൽ ആഴിപൂജ നടത്തും. പത്താംതീയതി സംഘം എരുമേലിയിലെത്തും. 12ന് ആകാശത്ത് വട്ടമിട്ട് പറക്കുന്ന ശ്രീ കൃഷ്ണപ്പരുന്തിനെ ദർശിക്കുന്നതോടെ തിടമ്പ് പൂജിച്ച് ആനപ്പുറത്ത് എഴുന്നള്ളിച്ച് പേട്ട തുള്ളൽ ആരംഭിക്കും.
രാത്രി ആഴി പൂജയ്ക്കുശേഷം പരമ്പരാഗത പാതയിലൂടെ പമ്പയിലേക്ക് നീങ്ങും. 13ന് പമ്പ സദ്യയും പമ്പവിളക്കും നടത്തി സംഘം മലകയറും സംഘത്തെ മരക്കൂട്ടത്തുവച്ച് ദേവസ്വം പോലീസ് ഭാരവാഹികൾ ചേർന്ന് സ്വീകരിച്ച പ്രത്യേക വഴിയിലൂടെ ദർശനത്തിന് ആനയിക്കും. മകരവിളക്ക് ദിവസമായ 14ന് രാവിലെ നെയ്യ് അഭിഷേകവും അത്താഴപൂജയ്ക്ക് അമ്പലപ്പുഴക്കാരുടെ മഹാനിവേദ്യവും നടക്കും.
അയ്യപ്പ വിഗ്രഹം ദർശിച്ച് പത്തുനാൾ നീളുന്ന തീർഥാടനത്തിന് സമാപനം കുറിച്ച് സംഘം മലയിറങ്ങും. സംഘം പ്രസിഡന്റ് ആർ. ഗോപകുമാർ, സെക്രട്ടറി കെ. ചന്ദ്രകുമാർ, വൈസ് പ്രസിഡന്റ് ജിതിൻ രാജ്, ബിജു സാരംഗി രഥയാത്ര കൺവീനർ ആർ. മധു വേലംപറമ്പ് എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകും.