തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടിലെ തിരിമറി : വീണ്ടും ഓഡിറ്റിംഗ്, വിവരശേഖരണവുമായി പോലീസ്
1493666
Wednesday, January 8, 2025 11:09 PM IST
ചേര്‍ത്തല: മലബാര്‍ സിമന്റ്സ് പള്ളിപ്പുറം യൂണിറ്റിലെ തൊഴില്‍ നടത്തിപ്പു ചുമതല വഹിക്കുന്ന തൊഴിലാളി സംഘത്തിലെ പഴയകണക്കുകള്‍ വീണ്ടും ഓഡിറ്റു ചെയ്യും. സംഘത്തില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായ പരാതിയില്‍ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തെത്തു ടര്‍ന്നാണ് ഓഡിറ്റ് നടത്തുന്നത്.
ഇതിനൊപ്പം നിലവിലുള്ള തൊഴിലാളികളുടെ പ്രൊവിഡന്റ് വിഹിതമടച്ചതിലടക്കം പരിശോധനയും നടക്കും. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓഡിറ്റിനെത്തുടര്‍ന്ന് പരാതയില്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും. ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്കിയ സംഘാംഗങ്ങളായ തൊഴിലാളികളില്‍ നിന്നു മുന്‍ ഭരണസമിതിയംഗങ്ങളായ സെക്രട്ടറിയടക്കമുള്ള മൂന്നു പേരില്‍നിന്നും നിലവിലെ ഭരണസമിതിയംഗങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് പോലീസ് കണക്കുകള്‍ വീണ്ടും ഓഡിറ്റുചെയ്യാന്‍ നിര്‍ദേശിച്ചത്.
ഏഴു സ്ത്രീതൊഴിലാളികളുടെ പിഴയടക്കമുള്ള പ്രൊവിഡന്റ് ഫണ്ട് വിഹിതമായ 1,94,346 രൂപയടച്ചിട്ടില്ലെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടൊപ്പം 38 തൊഴിലാളികളുടെ ഇടപാടുകളിലും പരാതിക്കാര്‍ സംശയം ഉയര്‍ത്തിയിരുന്നു. 2016 ജനുവരി ഒന്നു മുതല്‍ 2017 ഏപ്രില്‍വരെയുള്ള സ്ത്രീതൊഴിലാളികളുടെ വിഹിതം അടച്ചതിലാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇതില്‍ അവ്യക്തത ഒഴിവാക്കാനാണ് ഓഡിറ്റ് നിര്‍ദേശം. തൊഴിലാളികളുടെ കൂലി ഇപിഎഫ്, ഇഎസ്ഐ, ജിഎസ്ടി, ഐജിഎസ്ടി എന്നിവ മുന്‍കൂട്ടി പിടിച്ചശേഷമാണ് സംഘം ശമ്പളമായി നല്‍കിവരുന്നത്. 58 വയസു തികഞ്ഞ നാലു ശുചീകരണ തൊഴിലാളികള്‍ പൊവിഡന്റ് ഫണ്ട് തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോളാണ് സംശയകരമായ സാഹചര്യം കണ്ടെത്തിയത്.
എന്നാല്‍, ഇതു സാങ്കേതിക പ്രശ്നം മാത്രമാണെന്നും ഇവരടച്ചതുക സംഘം അക്കൗണ്ടില്‍ തന്നെയുണ്ടെന്നും ഇതു വ്യത്യസ്തമായി രേഖപ്പെടുത്താത്തതുമാത്രമാണ് പ്രശ്നമെന്നാണ് മുന്‍ ഭരണസമിതിയംഗങ്ങളുടെ വിശദീകരണം. സഹകരണവകുപ്പു ഓഡിറ്റില്‍ ഇതു വ്യക്തമാകുമെന്നും അവര്‍ പറയുന്നു.