പ്ലാറ്റിനം ജൂബിലിയാഘോഷങ്ങൾക്കു തുടക്കമായി
1493668
Wednesday, January 8, 2025 11:09 PM IST
മങ്കൊമ്പ്: ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങൾക്കു തുടക്കമായി. ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ ആഘോഷപരിപാടികളും യാത്രയയപ്പു സമ്മേളനവും ഉദ്ഘാടനം ചെയ്തു. ഈശ്വര വിശ്വാസം ശാസ്ത്രതത്ത്വങ്ങൾക്കെതിരല്ലെന്നും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ ഇവ രണ്ടും ആത്യന്തികമായി മനുഷ്യനന്മയെയും മാനവപുരോഗതിയെയും ലക്ഷ്യം വയ്ക്കുന്നുവെന്നും വയലാർ ശരത് ചന്ദ്രവർമ പറഞ്ഞു.
കൈത്തിരിയായി പ്രകാശം പൊഴിക്കേണ്ട മനുഷ്യജീവിതം കരിന്തിരിയായി ഇരുട്ടിലാണ്ടുപോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർ ത്തു. അഖില കേരള പ്രശ്നോത്തരി മത്സരം, കുട്ടിക്കർഷകരുടെ നേതൃത്വത്തിൽ നെൽക്കൃഷി, പൂർവ വിദ്യാർഥിമഹാ സംഗമം, വിദ്യാലയം മികവിന്റെ കേന്ദ്രമാക്കൽ എന്നീ കർമപദ്ധതികൾ നടത്തും. സ്കൂൾ മാനേജർ റവ.ഡോ. ജയിംസ് പാലയ്ക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ചങ്ങനാശേരി അതിരുപത പ്രോട്ടോ സിഞ്ചെള്ളൂസ് ഫാ. ആന്റ ണി എത്തയ്ക്കാട്ട് അനുഗ്രഹ പ്രഭാഷണവും കോർപ റേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ മുഖ്യപ്രഭാഷണവും നടത്തി.
പ്രിൻസിപ്പൽ സിബിച്ചൻ ജോർജ്, ഹെഡ്മാസ്റ്റർ പ്രകാശ് ജെ. തോമസ്, സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപകരായ ബൈജു തോമസ്, ജയ തോമസ്, ചാക്കോച്ചൻ ജെ. മെതിക്കളം, റെജീനാമ്മ തോമസ്, പഞ്ചായത്തംഗം സോഫിയാമ്മ മാത്യു, പിടിഎ പ്രസിഡന്റ് ബിജു ബി. മൂലംകുന്നം, ബീന മേരി ജോസഫ്, ഡയാനാ സേവ്യർ, വിനോദ് ബാബു. എസ്, ബാബു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സ്കൂൾ കലോത്സവം കുച്ചുപ്പുടി, ഭരതനാട്യം ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ബി. അദ്വൈതിനെ ചടങ്ങിൽ ആദരിച്ചു.