കാരുണ്യമതികളുടെ കനിവ് തേടുന്നു
1493664
Wednesday, January 8, 2025 11:09 PM IST
അന്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ പള്ളിത്തറ വിജയൻ കാരുണ്യമതികളുടെ കനിവ് തേടുന്നു. ആറുകൊല്ലത്തിലേറെയായി ഞരമ്പിന്റെ അസുഖത്തിന് ചികിത്സയിലാണ്. ഒരുകൊല്ലം മുൻപ് വായിൽ കാൻസർ ബാധിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ 30 റേഡിയേഷനും 30 കീമോതെറാപ്പിയും കഴിഞ്ഞു. ശ്വാസകോശത്തിലേക്ക് രോഗം ബാധിച്ചോയെന്നറിയാൻ സ്കാനിംഗ് പരിശോധനയ്ക്ക് നിർദേശിച്ചിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയിൽ പോയി 30,000 രൂപ ചെലവിൽ നടത്തേണ്ട പരിശോധനയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണിദ്ദേഹം.
കൂലിപ്പണിക്കാരനായ ഇദ്ദേഹം അവിവാഹിതനാണ്. അസുഖത്തെത്തുടർന്ന് അഞ്ചുകൊല്ലമായി പണിക്കുപോകാനായിട്ടില്ല. സ്ട്രോക്ക് ബാധിച്ച് അവശതയിലായ സഹോദരിയും ഇവരുടെ പ്ലസ്ടു വിദ്യാർഥിയായ മകനും ഇദ്ദേഹത്തിനൊപ്പമാണ്. മൂന്നുസെന്റ് സ്ഥലത്ത് ലൈഫ് പദ്ധതിയിൽ രണ്ടുമുറി വീട് പണിതെങ്കിലും പൂർത്തിയാക്കാനായില്ല. വീടുപണിത വകയിൽ സാമ്പത്തിക ബാധ്യതയുമുണ്ട്.
നിത്യജീവിതം പോലും പ്രതിസന്ധിയിലായിരിക്കെയാണ് അസുഖങ്ങൾ വേട്ടയാടുന്നത്. രണ്ടാഴ്ചയായി ആശുപത്രിയിലായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ചയാണ് വീട്ടിലെത്തിയത്. മെഡിക്കൽ കോളജിൽ ചെയ്യാനാകാത്ത സ്കാനിംഗ് പരിശോധന തിരുവല്ലയിലെ സ്വകാര്യആശുപത്രിയിലാണ് ചെയ്യേണ്ടത്. ഒരു വരുമാനവുമില്ലാത്ത ഇദ്ദേഹത്തിന് മാസത്തിൽ ആറായിരത്തിലേറെ രൂപ മരുന്നിനായി വേണം.
ആഹാരം കഴിക്കാനാകാതെ വന്നപ്പോഴാണ് ഒടുവിൽ ആശുപത്രിയിൽ പോയത്. സ്കാനിംഗ് നടത്താതെ തുടർചികിത്സയും നടക്കില്ല. വിജയന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറക്കാട് ശാഖയിൽ 37467870708 നമ്പർ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ട്. ഐ.എഫ്.എസ്.സി. കോഡ്: SBIN0070 475. ഫോൺ: 9895702465.