കാത്തിരുന്നുകിട്ടിയ റോഡിനു വിലങ്ങുതടിയായി തണ്ണീർത്തട നിയമം
1493537
Wednesday, January 8, 2025 6:56 AM IST
മങ്കൊമ്പ്: പ്രളയക്കെടുതികളിൽ പൊറുതിമുട്ടിയിട്ടും അധികൃതരുടെ അവഗണന തുടരുന്നതിൽ പ്രതിഷേധം. നീലംപേരൂർ ഗ്രാമപഞ്ചായത്ത് കിഴക്കേ ചേന്നങ്കരി പ്രദേശത്തെ ജനങ്ങളാണ് അവഗണനയിൽ മനം മടുത്തത്.
തണ്ണീർത്തട നിയമവുമായി ബന്ധപ്പെട്ട് പ്രാദേശിക നിരീക്ഷണസമിതി അനുകൂല ശിപാർശ സമർപ്പിച്ചിട്ടും നീലംപേരൂർ പഞ്ചായത്തിലെ കിഴക്കേ ചേന്നംകരിയിൽ കൃഷ്ണപുരത്തുനിന്നും കിഴക്കോട്ടുള്ള ട്രാക്ടർ റോഡ് പദ്ധതി പതിറ്റാണ്ടുകൾക്കിപ്പുറവും ഫണ്ടും ഭരണാനുമതിയുമൊന്നും കിട്ടാതെ മുടങ്ങിക്കിടക്കുകയാണെന്നാണ് ഇവരുടെ പരാതി.
കഴിഞ്ഞദിവസം കുട്ടനാട്ടിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലും നാട്ടുകാർ ഇതുസംബന്ധിച്ചു പരാതി നൽകിയിരുന്നു. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയുമെല്ലാം പലവട്ടം കാര്യങ്ങൾ ധരിപ്പിച്ചിട്ടും ഫലമില്ലാതാകുന്നതിൽ കടുത്ത അമർഷത്തിലാണ് പ്രദേശവാസികൾ.
കേവലമൊരു പ്രദേശത്തെ വികസനകാര്യമെന്നതിനപ്പുറം വിശാലകുട്ടനാടിനെ പൊതുവായി ബാധിക്കുന്ന നയപരമായൊരു വിഷയം കൂടിയാണിത്. തണ്ണീർത്തടനിയമം നടപ്പാക്കുമ്പോൾ, കുട്ടനാടിന്റെ പ്രത്യേക സാഹചര്യങ്ങൾ മാനുഷിക പരിഗണനകളോടെ കണക്കിലെടുത്തുള്ള തീരുമാനങ്ങളാണ് വേണ്ടതെന്നാണ് ഇവരുടെ അഭിപ്രായം.
ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കുന്നതിനു തടസമാകുന്ന നിയമങ്ങൾ പൊളിച്ചെഴുതാൻ ജനപ്രതിനിധികൾ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം. മെയിൻ റോഡിനു സമീപത്തായി നാട്ടുകാർ പിരിവെടുത്തു വിലയ്ക്കുവാങ്ങി, കൺസന്റ് കൈമാറിയ സ്ഥലത്തുനിന്നാണ് കൃഷ്ണപുരത്തെ റോഡ് പണി ആരംഭിച്ചിട്ടുള്ളത്.
ഗുണഭോക്താക്കൾ സമർപ്പിക്കേണ്ടതായ എല്ലാ രേഖകളും കൃത്യമായി സമർപ്പിച്ചിട്ടും റോഡെന്ന സ്വപ്നം നിഷേധിക്കപ്പെടുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
മഴക്കാലമായാൽ നടവഴി പോലും നിഷേധിക്കപ്പെടുന്ന ജനങ്ങളുടെ ദുരിതങ്ങൾക്കു നേരേ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കണ്ണടയ്ക്കുകയാണെന്നാണ് ഇവരുടെ പരാതി. അടുത്ത പ്രളയകാലത്തിനു മുൻപെങ്കിലും ഗതാഗത യോഗ്യമായ റോഡെന്ന സ്വപ്നം യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.