ജില്ലയിൽ ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ സർവേ തുടങ്ങി
1493110
Monday, January 6, 2025 11:26 PM IST
അമ്പലപ്പുഴ: ജില്ലയിൽ ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ സർവേയ്ക്കു തുടക്കമായി. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ജൈവ മാലിന്യ ഉപാധികളുടെ സർവേ ആരംഭിച്ചു.
പുന്നപ്ര തെക്ക് പഞ്ചായത്തിലെ ഡോ. ഷിബുവിന്റെ വീട്ടിൽ ജൈവമാലിന്യ സംസ്കരണം സംവിധാനങ്ങളുടെ വിവരം ശേഖരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി സർവേയ്ക്കു തുടക്കം കുറിച്ചു. ആറു മുതൽ 12 വരെ നീണ്ടുനിൽക്കുന്ന സർവേയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപന വാർഡുകളിലും സർവേ ടീം ഗൃഹ സന്ദർശനം നടത്തി നിലവിലുള്ള ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ വിവരം ശേഖരിക്കുകയും കാര്യക്ഷമത വിലയിരുത്തി പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഇടപെടൽ ഉറപ്പുവരുത്തുകയും ചെയ്യും.
ഇതിലേക്കായി തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിലും വാർഡ് തലത്തിലും സർവേ കമ്മിറ്റികളും സർവേ ടീമും മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മാർച്ച് 30നകം സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്ത പദവിയിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിൻ നടത്തപ്പെടുന്നത്.
തദ്ദേശ വകുപ്പ് ആലപ്പുഴ ജില്ലാ ജോയിന്റ് ഡയറക്ടർ എസ്. ശ്രീകുമാർ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, അസി. ഡയറക്ടർ സി.കെ. ഷിബു, നവകേരള മിഷൻ കോ-ഓർ ഡിനേറ്റർ കെ.എസ്. രാജേഷ്, ഐകെഎം ജില്ലാ ടെക്നിക്കൽ ഓഫീസർ നജീബ് തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളായി.