മകരവിളക്ക്: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ സൗകര്യങ്ങൾ എംപി വിലയിരുത്തി
1493526
Wednesday, January 8, 2025 6:56 AM IST
ചെങ്ങന്നൂർ: ശബരിമല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ എംപി റിസർവേഷൻ, ടിക്കറ്റ് കേന്ദ്രങ്ങൾ, പ്ലാറ്റ്ഫോമുകൾ, യാത്രക്കാരുടെ വിശ്രമകേന്ദ്രങ്ങൾ, പിൽഗ്രീം സെന്റർ എന്നിവ സന്ദർശിക്കുകയും യാത്രക്കാരുമായി സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെപ്പറ്റി ചോദിച്ചറിയുകയും ചെയ്തു.
മകരവിളക്കിനു മുന്നോടിയായി കൂടുതൽ തീർഥാടകർ എത്തുന്നതിനാൽ സ്റ്റേഷനിൽ റിസർവേഷൻ ടിക്കറ്റ് കേന്ദ്രങ്ങൾ പൂർണതോതിൽ പ്രവർത്തിപ്പിക്കണമെന്നും ആർപിഎഫ് പോലീസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്നും നിർദേശിച്ചു. എംപിയോടൊപ്പം റെയിൽവേ, ആർപിഎഫ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്റ്റേഷൻ സന്ദർശനത്തിൽ അദ്ദേഹത്തെ അനുഗമിച്ചു.