കാർത്തികപ്പള്ളി താലൂക്ക് അദാലത്തിൽ പരിഗണിച്ചത് 384 അപേക്ഷകൾ
1493530
Wednesday, January 8, 2025 6:56 AM IST
കായംകുളം: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്നുവരുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ കാര്‍ത്തികപ്പള്ളി താലൂക്ക്തല അദാലത്തിൽ 384 അപേക്ഷകൾ പരിഗണിച്ചു. കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
ഇടുക്കി പുല്ലൂരാംപാറയിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് ഇന്നലെ രാവിലെ 10ന് രാമപുരം താമരശേരി കൺവൻഷൻ സെന്ററിൽ അദാലത്ത് ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനത്തിൽ 22 പേർക്ക് മുൻഗണന റേഷൻ കാർഡുകളും കാലങ്ങളായി കരം അടയ്ക്കാൻ കഴിയാതിരുന്ന നാലു പേര്‍ക്ക് കരം അടവ് രസീതുകളും മന്ത്രിമാർ ചേർന്ന് വിതരണം ചെയ്തു. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
എംഎല്‍എമാരായ യു. പ്രതിഭ, തോമസ് കെ. തോമസ്, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, കായംകുളം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പി. ശശികല, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.എസ്. താഹ, ജില്ലാ പഞ്ചായത്തംഗം കെ.ജി. സന്തോഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. പവനനാഥന്‍, എല്‍. ഉഷ, വാർഡ് അംഗം എസ്. സുരേഷ് ബാബു, എഡിഎം ആശ സി. ഏബ്രഹാം, എല്‍എ ഡെപ്യൂട്ടി കളക്ടര്‍ ആര് സുധീഷ്, ചെങ്ങന്നൂര്‍ ആര്‍ഡിഒ ജെ. മോബി, തഹസില്‍ദാര്‍ പി. എ. സജീവ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ അദാലത്ത് ആരംഭിച്ചു. അദാലത്ത് ദിവസം ഏതു വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും നിയമവും ചട്ടങ്ങളും പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാനുള്ള പ്രത്യേക അധികാരം മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു. പുതിയ അപേക്ഷകള്‍ സ്വീകരിക്കാൻ അദാലത്ത് വേദിയില്‍ കൗണ്ടറുകൾ ഒരുക്കിയിരുന്നു. അദാലത്തിന് എത്തുന്നവര്‍ക്കായി അന്വേഷണ കൗണ്ടറുകള്‍, കടിവെള്ളം, ലഘുഭക്ഷണം, വൈദ്യസേവനം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കി. ഹരിതചട്ടം പാലിച്ചുകൊണ്ടാണ് അദാലത്ത് സംഘടിപ്പിച്ചത്.