ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു
1493529
Wednesday, January 8, 2025 6:56 AM IST
ചാരുംമൂട്: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. നൂറനാട് ഇടക്കുന്നം എൻഎസ്എസ് കരയോഗ മന്ദിരത്തിനു സമീപം ഇന്നലെ രാവിലെ 11.30 നായിരുന്നു സംഭവം. ഇടക്കുന്നം കരുണ സദനത്തിൽ ജയലാൽ ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്.
അമ്മയെ ആശുപത്രിയിൽ കാണിക്കാൻ പോകുമ്പോൾ വീടിന് 300 മീറ്റർ അകലെ എത്തിയപ്പോഴാണ് കാറിന്റെ ബോണറ്റിൽനിന്നു പുകയും തീയും ഉയർന്നത്. ഉടൻ തന്നെ ജയലാൽ കാർ നിർത്തി അമ്മയെ പുറത്തിറക്കി.
സമീപ വാസികൾ ബോണറ്റ് തുറന്ന് സമീപത്തുള്ള വീട്ടിൽനിന്നും വെള്ളം എത്തിച്ച് തീ അണയ്ക്കുകയായിരുന്നു. കാറിന്റെ ബോണറ്റ് ഭാഗം പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് കായംകുളം അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.