യാത്രകളെ സ്നേഹിച്ചവർക്ക് നാട് കണ്ണീരോടെ വിടചൊല്ലി
1493659
Wednesday, January 8, 2025 11:09 PM IST
മാവേലിക്കര: യാത്രകളെ ഏറെ സ്നേഹിച്ചവരുടെ അന്ത്യയാത്രയ്ക്ക് നാട് കണ്ണീരോടെ വിടചൊല്ലി. പുല്ലുപാറ ബസ് അപകടത്തില്‍ മരിച്ച നാലുപേരില്‍ രണ്ടു പേരുടെ സംസ്കാരം ഇന്നലെ വീട്ടുവളപ്പില്‍ നടന്നു. ഇതോടെ നാലുപേരുടെയും സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.
മറ്റം വടക്ക് കാര്‍ത്തികയില്‍ അരുണ്‍ ഹരിയുടെ (37) സംസ്കാരം രണ്ടിനും പല്ലാരിമംഗലം കോട്ടയ്ക്കകത്ത് തെക്കേതില്‍ രമാ മോഹന്റേത് (62) മൂന്നിനും വീട്ടുവളപ്പില്‍ നടന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ വന്‍ ജനാവലി ഇരുവീടുകളും എത്തി പ്രിയപ്പെട്ടവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ ഇരുവീടുകളിലും മൃതദേഹം എത്തിച്ചു. അരുണ്‍ ഹരിയുടെ മൃതദേഹത്തിനരികെ, ഇതേ അപകടത്തില്‍ പരിക്കേറ്റ അമ്മയെ സ്ട്രെച്ചറില്‍ എത്തിച്ചത് സങ്കടക്കാഴ്ചയായിരുന്നു. ഒന്നരമണിക്കൂറിനു ശേഷം അമ്മയെ ആശുപത്രിയിലേക്ക് തിരികെ കൊണ്ടുപോയതിനു ശേഷമായിരുന്നു സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. അരുണിന്റെ മാതൃസഹോദരി പുത്രന് ജ്യോതിഷ് അന്ത്യകര്‍മങ്ങള്‍ ചെയ്തു.
രമാ മോഹന്റെ അന്ത്യകര്‍മങ്ങള്‍ മക്കള്‍ മനുവും രേശ്മയും ചെയ്തു. ചിതയിലേക്ക് എടുക്കുന്നതിനു മുന്‍പ് രമാ മോഹന്റെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് ഭര്‍ത്താവ് മോഹനന്‍നായരും മക്കളും കരഞ്ഞത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. യാത്രയില്‍ ഒപ്പമുണ്ടായിരുന്ന മോഹനന്‍നായര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തില്‍ മരിച്ച മാവേലിക്കര മറ്റം തെക്ക് സോമസദനത്തില്‍ സംഗീത് സോമന് (43), കൊറ്റാര്‍കാവ് കൗസ്തുഭം ബിന്ദു നാരായണന് (59) എന്നിവരുടെ സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പില്‍ നടന്നിരുന്നു.
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം യാത്രയുടെ ഭാഗമായി മാവേലിക്കരയില്‍നിന്ന് തഞ്ചാവൂരും മധുരയും സന്ദര്‍ശിച്ച് മാവേലിക്കരയിലേക്ക് മടങ്ങിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസ് തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെ കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ പുല്ലുപാറയില്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് നാലുപേരും മരിച്ചത്.
രണ്ടു ഡ്രൈവര്‍മാരും ഒരു വനിത കണ്ടക്ടറും അടക്കം 37 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാര്‍ എല്ലാവര്ക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇറക്കത്തില്‍ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.