മഫ്തിയിൽ എൻഫോഴ്സ്മെന്റ് ആർടിഒ; നിയമലംഘനം നടത്തിയ വാഹനങ്ങൾ കുടുങ്ങി
1493524
Wednesday, January 8, 2025 6:56 AM IST
അമ്പലപ്പുഴ: ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ രാത്രി മഫ്തിയിൽ നടത്തിയ പരിശോധനയിൽ ഇൻഷ്വറൻസില്ലാത്ത സ്വകാര്യ ബസ് പിടിയിലായി. മോട്ടോർ വാഹനവകുപ്പ് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആർ. രമണന്റെ നേതൃത്വത്തിൽ വലിയഴീക്കലിൽ നടത്തിയ പരിശോധനയിലാണ് ബസ് പിടികൂടിയത്.
സംയുക്ത സ്ക്വാഡ് അമ്പലപ്പുഴ മുതൽ വലിയഴീക്കൽ വരെ നടത്തിയ മിന്നൽ പരിശോധനയിൽ നിയമലംഘനം നടത്തിയ നിരവധി വാഹനങ്ങൾ കുടുങ്ങി. തോട്ടപ്പള്ളി വലിയഴീക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന കുഞ്ഞാറ്റ എന്ന സ്വകാര്യബസ് ഒരാഴ്ചയിലധികമായി ഇൻഷ്വറൻസ് ഇല്ലാതെ സർവീസ് നടത്തുന്നതായി പരിശോധനയിൽ കണ്ടെത്തി. ഇന്നു രാവിലെ അമ്പലപ്പുഴ കൺട്രോൾ റൂമിൽ എത്താൻ വാഹന അധികൃതർക്ക് കർശന നിർദേശം നൽകി.
വലിയഴീക്കൽ പാലത്തിൽ അനധികൃത പാർക്കിംഗ് നടത്തിയ നിരവധി വാഹനങ്ങൾക്കെതിരെയും കേസെടുത്തു. അമിതഭാരം കയറ്റിയ തടിയുമായി വന്ന വാഹനങ്ങൾക്കെതിരെയും കേസെടുത്തു. എംവിഡി ഉദ്യോഗസ്ഥരായ എ. ബെറിൽ, അനു കെ. ചന്ദ്രൻ, സി.ജി. ചന്തു, എ. നജീബ്, എൽ.ബെഞ്ചമിൻ എന്നിവരും പങ്കെടുത്തു.