പ്ലാസ്റ്റിക് മാലിന്യം കലർന്ന മണൽ വേണ്ട; എംഎൽഎ ഇടപെട്ട് മണൽനീക്കം
1493660
Wednesday, January 8, 2025 11:09 PM IST
അന്പലപ്പുഴ: ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യം കലർന്ന മണൽനിരത്തിയത് എംഎൽഎ ഇടപെട്ട് നീക്കം ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂർ പബ്ലിക് ലൈബ്രറിക്ക് വടക്കുഭാഗത്താണ് വ്യാപകമായി പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ മണലെത്തിച്ച് നിരത്തിയത്.
കീറിയതും ഉപേക്ഷിക്കപ്പെട്ടതുമായ പ്ലാസ്റ്റിക് കിറ്റുകൾ, ചാക്കുകൾ, കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞ മണലാണ് ഇവിടെ പുതുതായി നിർമിച്ച കാണയുടെ ഓരത്ത് നിരത്താനായി എത്തിച്ചത്.
നിരവധി ലോറികളിൽ ലോഡുകണക്കിന് മണലാണ് ഇതിന്റെ ഭാഗമായി എത്തിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഭൂമിക്കും പ്രകൃതിക്കും പുനർനിർമിക്കുന്ന ദേശീയപാതയ്ക്കും ദോഷകരമാകുന്ന മാലിന്യം നിറഞ്ഞ മണൽ നീക്കം ചെയ്യണമെന്നും പകരം മാലിന്യമില്ലാത്ത മണൽ എത്തിച്ച് നിർമാണം നടത്തണമെന്നും നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) പ്രോജക്ടർ ഡയറക്ടർക്ക് എച്ച്. സലാം എംഎൽഎ നിർദേശം നൽകി.
അല്ലാത്തപക്ഷം നിർമാണം തടസപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു. തുടർന്ന് ഈ ഭാഗത്ത് ഇറക്കി നിരത്തിയ മാലിന്യം നിറഞ്ഞ മുഴുവൻ മണലും നീക്കം ചെയ്ത് പകരം അഴുക്കില്ലാത്ത മണൽ എത്തിച്ച് നിരത്തുകയായിരുന്നു.