കറിക്കാട്ടൂർ കവലയിലെ വെയിറ്റിംഗ് ഷെഡ് പുനർനിർമിക്കണമെന്ന്
1540420
Monday, April 7, 2025 3:49 AM IST
മണിമല: പഞ്ചായത്ത് വക കറിക്കാട്ടൂർ കവലയിലുള്ള വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റിയിട്ട് ഒരു വർഷത്തോളമായെന്നും പുതിയത് നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കേരള കോൺഗ്രസ് മണിമല മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഹൈവേയുടെ ഭാഗമായി ഒരു വെയിറ്റിംഗ് ഷെഡ് എൽപി സ്കൂൾ പടിക്കലും മറ്റൊന്ന് പഞ്ചായത്ത് പടിക്കലുമാണ് നിർമിച്ചത്.
കാഞ്ഞിരപ്പള്ളി, ചേനപ്പാടി, ചാരുവേലി, കറിക്കാട്ടൂർ സെന്റർ മുതലായ സ്ഥലങ്ങളിലേക്ക് പോകാനുള്ള സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഈ വെയിറ്റിംഗ് ഷെഡാണ് ഉപയോഗിച്ചിരുന്നത്. എത്രയും വേഗം വെയിറ്റിംഗ് ഷെഡ് നിർമിച്ച് യാത്രക്കാരുടെ ദുരിതം ഒഴിവാക്കണമെന്ന് കേരള കോൺഗ്രസ് മണിമല മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. മണിമല സഹകരണബാങ്ക് വൈസ് പ്രസിഡന്റ് പ്രസാദ് കരിമ്പനക്കുളം, ജയിംസുകുട്ടി കിടാരത്തിൽ, അഭിലാഷ് ചുഴികുന്നേൽ, എ.എം. ജോസഫ് എന്നിവർ പ്രസംഗിച്ചു.