കോന്നി മെഡിക്കല്‍ കോളജ് റോഡ് നിര്‍മാണം പുരോഗമിക്കുന്നു
1539924
Sunday, April 6, 2025 3:34 AM IST
എംഎല്‍എയും കളക്ടറും നിര്‍മാണം വിലയിരുത്തി
കോന്നി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് റോഡിന്റെ നിര്‍മാണ ജോലികള്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണനും വിലയിരുത്തി. 14 കോടി രൂപ അനുവദിച്ച് അതിവേഗത്തിലാണ് മെഡിക്കല്‍ കോളജ് റോഡ് നിര്‍മാണം പുരോഗമിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.
എട്ടു കോടി രൂപ വിനിയോഗിച്ചാണു ഭൂമി ഏറ്റെടുക്കല്‍ നടത്തിയത്. റോഡ് നിര്‍മാണത്തിനായി 225 വസ്തു ഉടമകളില്‍ നിന്നായി 2.45 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.വട്ടമണ്‍ മുതല്‍ മെഡിക്കല്‍ കോളജ് റോഡ് വരെയുള്ള ഭാഗത്ത് 12 മീറ്റര്‍ വീതിയില്‍ റോഡ് ഇരു സൈഡിലും സംരക്ഷണഭിത്തികള്‍ നിര്‍മിച്ചു മണ്ണിട്ടുയര്‍ത്തി രൂപപ്പെടുത്തി. പ്രധാനപ്പെട്ട രണ്ടു വലിയ കലുങ്കുകളുടെ നിര്‍മാണ ജോലികള്‍ അന്തിമഘട്ടത്തിലാണ്. രണ്ടു പൈപ്പ് കല്‍വര്‍ട്ട്കളുടെ നിര്‍മാണം പൂര്‍ത്തികരിച്ചിട്ടുണ്ട്.
നാലു മീറ്റര്‍ വീതിയുണ്ടായിരുന്ന വട്ടമണ്‍ കുപ്പക്കര റോഡ് 12 മീറ്റര്‍ വീതിയില്‍ വികസിപ്പിച്ചു. ഇവിടെ 5.5 മീറ്റര്‍ വീതിയിലാണ് ടാറിംഗ്് പ്രവൃത്തികള്‍ ചെയ്യുന്നത്. റോഡില്‍ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിയിടുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. ഇതിനായി കെഎസ്ഇബി ക്ക് 35 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. ജല അഥോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ മാറ്റുന്നതിനായി ് 95 ലക്ഷം രൂപയും അടച്ചിട്ടുണ്ട്.
വട്ടമണ്‍ മുതല്‍ മുരിങ്ങമംഗലം വരെയുള്ള പ്രധാന റോഡിന്റെ 12 മീറ്റര്‍ വീതിയിലുള്ള ഭൂമി ഏറ്റെടുപ്പ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. റോഡിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗം പുരോഗമിക്കുന്നുണ്ട്. 9.5 മീറ്റര്‍ ആധുനിക നിലവാരത്തില്‍ ബിഎം ബി സി സാങ്കേതികവിദ്യയിലാണ് റോഡ് ടാര്‍ ചെയ്യുന്നത്. റോഡിന്റെ ഒരുവശത്ത് പൂര്‍ണമായി ഓടയും ആവശ്യമുള്ള ഭാഗങ്ങളില്‍ ഐറിഷ് ഓടയും ക്രമീകരിക്കും.
റോഡ് നിര്‍മാണത്തോടനുബന്ധിച്ച് മുരിങ്ങമംഗലം ജംഗ്ഷനും വികസിപ്പിക്കും. 12 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്തിട്ടുള്ള മെഡിക്കല്‍ കോളേജ് റോഡ് കോന്നി മുരിങ്ങമംഗലം മുതല്‍ വട്ടമണ്‍ വരെ 2.800 കിലോമീറ്റര്‍ ദൂരം ബിഎംബിസി സാങ്കേതികവിദ്യയില്‍ നിലവിലുള്ള അഞ്ചു മീറ്റര്‍ വീതിയുള്ള റോഡ് 9.5 മീറ്റര്‍ വീതിയിലാണ് ടാര്‍ ചെയ്തു നിര്‍മ്മിക്കുക.
കുപ്പക്കര മുതല്‍ വട്ടമണ്‍ വരെ 1.800 കിലോമീറ്റര്‍ ദൂരത്തില്നിലവിലുള്ള മൂന്നു മീറ്റര്‍ വീതിയുള്ള റോഡ് 5.5 മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്തു നിര്‍മിക്കും. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ട്രാഫിക് സുരക്ഷാപ്രവൃത്തികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൊതുമരാമത്ത് സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ വിമല, പൊതുമരാമത്ത് പത്തനംതിട്ട എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബാബുരാജ്, സ്പെഷല്‍ തഹസില്‍ദാര്‍ വിജു കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം ജിഷ ജയകുമാര്‍, പൊതുമരാമത്ത് അസി.എന്‍ജിനിയര്‍ രൂപക്ക് ജോണ്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.