ലഹരിവേട്ടയുമായി പോലീസ്
1540409
Monday, April 7, 2025 3:45 AM IST
എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
പത്തനംതിട്ട: ലഹരിക്കെതിരേ നടപടികൾ തുടർന്ന് പോലീസ്. ഇന്നലെ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി - ഹണ്ടിലൂടെ 179 പേരെയാണ് അറസ്റ്റു ചെയ്തത്. 160 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ പന്തളത്തും തിരുവല്ലയിലുമാണ് പ്രധാനമായും ലഹരിവേട്ട നടന്നത്. കഞ്ചാവ് ഉപയോഗിച്ചവർക്കെതിരേ മറ്റിടങ്ങളിൽ കേസുകളെടുത്തിട്ടുണ്ട്.
എംഡിഎംഎ യും കഞ്ചാവുമായി യുവാവിനെ പന്തളം പോലീസ് പിടികൂടി. പന്തളം കുരന്പാല വല്ലാറ്റൂർ പുഷ്പാലയം വീട്ടിൽ അനന്തുവാണ് (കണ്ണൻ, 27) അറസ്റ്റിലായത്. ഉപയോഗിക്കാൻ കൈവശം വച്ചിരുന്ന എംഡിഎംഎയും കഞ്ചാവും ഇയാളിൽ നിന്നും കണ്ടെടുത്തു.
എസ്ഐ അനീഷ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ 1.15 ന് പറന്തൽ വല്ലാറ്റൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പറന്തൽ വല്ലാറ്റൂർ പബ്ലിക് റോഡിലൂടെ നടന്നുപോയ, ട്രൗസറും ഷർട്ടും ധരിച്ച യുവാവിനെ കണ്ടു സംശയം തോന്നിയ പോലീസ് സംഘം തടഞ്ഞു നിർത്തുകയായിരുന്നു.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോൾ ട്രൗസറിന്റെ വലതുവശം പോക്കറ്റിൽ നിന്നും കടലാസിൽ പൊതിഞ്ഞ നിലയിൽ 11 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർന്ന്, സിഗററ്റ് പാക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് സിപ് ലോക് കവറിൽ സൂക്ഷിച്ച നിലയിൽ .04 ഗ്രാം എംഡിഎംഎയും കണ്ടെടുക്കുകയായിരുന്നു.
ചോദ്യം ചെയ്തപ്പോൾ കായംകുളം ബസ് സ്റ്റാൻഡിനു സമീപത്തുനിന്നും ഉപയോഗത്തിനായി വാങ്ങിയതാണെന്ന് യുവാവ് വെളിപ്പെടുത്തി, തുടർന്ന് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു. പോലീസ് ഇൻസ്പെക്ടർ ടി. ഡി. പ്രജീഷിന്റെ മേൽനോട്ടത്തിൽ തുടർ നടപടികൾ സ്വീകരിച്ചു. എസ് സിപിഒ ജയൻ, സിപിഒമാരായ എസ്. അൻവർഷാ, കെ. അമീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
ലഹരി ഉത്പന്നങ്ങൾ തൂക്കുന്ന മെഷീനും കണ്ടെത്തി
തിരുവല്ല: എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങൾ തൂക്കുന്ന മെഷീനും മറ്റും ഡാൻസാഫ് സംഘം പിടികൂടി. തിരുവല്ല കുറ്റൂർ, തുണ്ടിത്തറയിൽ വീട്ടിൽ എസ്. ശ്യാകുമാറിന്റെ ( 35 ) വീട്ടിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്.
പരിശോധനയിൽ 0.4 ഗ്രാം എംഡിഎംഎ, 15 ഗ്രാം കഞ്ചാവ്, ഡിജിറ്റൽ വെയിംഗ് മെഷീൻ, 0.60 ഗ്രാം ചരസ, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ബോംഗ്, ഒസിബി പേപ്പറുകൾ എന്നിവ പോലീസ് പിടിച്ചെടുതതു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനേ തുടർന്നു നടത്തിയ ആസൂത്രിത നീക്കത്തിലായിരുന്നു പോലീസ് നടപടി.
പോലീസിനെ കണ്ടു യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, വാർഡ് മെംബർ, ബന്ധുക്കൾ, തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ശ്യാംകുമാറിന്റെ മുറിയുടെ പൂട്ട് പൊളിച്ചുള്ളിൽ കയറിയണ് ഇവ പിടിച്ചെടുത്തത്.
തിരുവല്ല പോലീസ് തുടർനടപടികൾ കൈക്കൊണ്ടു, വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.