നടപടി ആവശ്യപ്പെട്ട് ആരോഗ്യ ഡയറക്ടര്‍ക്ക് പരാതി
1539927
Sunday, April 6, 2025 3:42 AM IST
പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയില്‍ തുന്നിക്കെട്ടിയ മുറിവില്‍ ഉറുമ്പ് കണ്ടെത്തിയ സംഭവം ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നും കര്‍ശന നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പരാതി.
റാന്നി ബ്ലോക്ക് പടി സ്വദേശി സുനില്‍ ഏബ്രഹാമിന്റെ നെറ്റിയിലെ മുറിവ് തുന്നിക്കെട്ടിയപ്പോള്‍ ഡോക്ടര്‍മാര്‍ക്കുണ്ടായ പിഴവ് മറച്ചുവയ്ക്കാന്‍ ശ്രമമുണ്ടായെന്നും ഇത് അനുവദിക്കാന്‍ പാടില്ലെന്നും പൊതുപ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ കുളത്തൂര്‍ ജയസിംഗ് ഡയറക്ടര്‍ക്കു നല്കിയ പരാതിയില്‍ പറയുന്നു.
റാന്നി ആശുപത്രിയിലെ ഡോക്ടറെ രക്ഷിക്കാന്‍ മുറിവില്‍ ഉറുമ്പ് ഉണ്ടായിരുന്നെന്ന കാര്യം എഴുതാതെ പുറത്തുനിന്നുള്ള ഏതോ വസ്തു മുറിവില്‍ ഉണ്ടായിരുന്നുവെന്ന് വ്യാജ റിപ്പോര്‍ട്ടും രേഖയില്‍ കുറിച്ചുവെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
പരാതിയിന്മേല് ആരോഗ്യവകുപ്പിന്റെ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും.