റീനയ്ക്കും മക്കൾക്കും സ്നേഹഭവനം സമ്മാനിച്ച് ഡോ. സുനിൽ
1540411
Monday, April 7, 2025 3:45 AM IST
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്നവരുമായ നിരാലംബർക്കു പണിതു നൽകുന്ന 349-ാമത്തെ സ്നേഹ ഭവനം പ്രഫ. പീറ്റർ മാത്യുവിന്റെ സഹായത്താൽ പട്ടിത്താനം നെല്ലതോട്ടിയിൽ വിധവയായ റീനക്കും മക്കൾക്കുമായി നിർമിച്ചു നൽകി.
വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം.എസ്. സുനിൽ നിർവഹിച്ചു. രണ്ടു വർഷങ്ങൾക്കു മുമ്പ് വാഹനാപകടത്തിൽ റീനയുടെ ഭർത്താവ് അനീഷ് മരണപ്പെടുകയും സ്കൂൾ വിദ്യാർഥികളായ രണ്ടു കുട്ടികളുമായി റീന ഭവനം ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു.
ഇവരുടെ അവസ്ഥ നേരിൽകണ്ടു മനസിലാക്കിയ ഡോ. സുനിൽ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650 ചതുരശ്ര അടി വലിപ്പമുള്ള വീട് പീറ്റർ മാത്യു നൽകിയ തുക ഉപയോഗിച്ച് നൽകുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡൻറ് അംബിക സുകുമാരൻ, വാർഡ് മെംബർ കൊച്ചു റാണി, ബ്ലോക്ക് മെംബർ ശ്രീജ ഷിബു, പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ, അനിൽ രാജ് എന്നിവർ പ്രസംഗിച്ചു.