പീഡാനുഭവ സ്മരണയിൽ കുരിശുമല കയറി
1539917
Sunday, April 6, 2025 3:34 AM IST
പെരുനാട്: വലിയ നോമ്പിനോടനുബന്ധിച്ച് കുരിശുമല വാരാചരണത്തിന്റെ ഭാഗമായി എംസിവൈഎം പത്തനംതിട്ട ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ റാന്നി പെരുനാട് കുരിശുമല തീര്‍ഥാടന ദേവാലയത്തിലേക്ക് കുരിശിന്റെ വഴി നടത്തി.
കുരിശുമല കപ്പേളയില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് എംസിവൈഎം ഭദ്രാസന ഡയറക്ടര്‍ ഫാ. ജോബ് പതാലില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് യുവജനങ്ങള്‍ ഒന്നിച്ച് കുരിശുമലയിലേക്ക് പ്രാര്‍ഥനാ നിരതരായി ഈശോയുടെ കൂരിശു മരണ സ്മരണയില്‍ കുരിശിന്റെ വഴി നടത്തി.
കുരിശിന്റെ വഴി ശുശ്രൂഷയില്‍ ഭദ്രാസന വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് മാത്യു കാലായില്‍ വടക്കേതില്‍, കുരിശുമല വികാരി ഫാ.സ്കോട്ട് സ്ലീബ പുളിമൂടന്‍, വൈദികര്‍, സിസ്റ്റേഴ്സ്, യുവജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
സണ്ഡേസ്കൂള് വിദ്യാര്‍ഥികള്‍
മലങ്കര കത്തോലിക്ക സഭയുടെ തീര്‍ഥാടന കേന്ദ്രമായ റാന്നി - പെരുനാട് കുരിശുമലയിലേക്ക് രൂപതയിലെ വിശ്വാസ പരിശീലന കാര്യാലയം സംഘടിപ്പിച്ച കുരിശുമല കയറ്റത്തില്‍ നിരവധി സണ്ഡേസ്കൂള് കുട്ടികളും അധ്യാപകരും പങ്കെടുത്തു.
ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ പാദസ്പര്ശത്താല് പവിത്രമായ കുരിശുമലയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം സണ്ഡേസ്കൂള് കുട്ടികളുടെ ആദ്യ സംഗമം ആയിരുന്നു ഇത്തവണ. രൂപതയിലെ അഞ്ച് വൈദിക ജില്ലകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥികളും അധ്യാപകരും പ്രാര്‍ഥനാ മന്ത്രങ്ങളുരുവിട്ട് വലിയ നോമ്പിന്റെ ചൈതന്യത്തില്‍ കുരിശുമല കയറി.
രൂപത ഡയറക്ടര്‍ ഫാ.റോബിന് മനക്കലേത്ത്, തീര്‍ഥാടന കേന്ദ്രം വാകാരി ഫാ. സ്കോട്ട് സ്ലീബ പുളിമൂടന്‍, ഫാ.ജോണ്‍ ജി. വടക്കേപ്പുറം, ഫാ. ഫിലിപ്പോസ് ചരിവുപുരയിടം, ഫാ.തോമസ് നെടുമാങ്കുഴിയില്‍, ഫാ. ഡാനിയല്‍ പേഴുംമൂട്ടില്‍, ബിജു പള്ളിപ്പറമ്പില്‍, സിസ്റ്റര്‍ ലെസ്ലിന്‍ എന്നിവര്‍ കുരിശുമല കയറ്റത്തിനും പ്രാര്‍ഥനകള്‍ക്കും നേതൃത്വംനല്കി.