ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന സിനിമകൾ നിരോധിക്കണം: കത്തോലിക്ക കോൺഗ്രസ്
1539918
Sunday, April 6, 2025 3:34 AM IST
കാഞ്ഞിരപ്പള്ളി: ക്രൈസ്തവ വിശ്വാസത്തെ ബോധപൂർവം അവഹേളിക്കുന്ന സിനിമകൾ അടുത്തകാലത്തായി വർധിച്ചുവരികയാണെന്നും ഇതിന്റെ പിന്നിലുള്ള സംഘടിത ഗൂഢ ശക്തികളെ വെളിച്ചത്തു കൊണ്ടുവരണമെന്നും ഇത്തരം സിനിമകൾ നിരോധിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാ സമിതി ആവശ്യപ്പെട്ടു.
സിനിമ, സാഹിത്യം എന്നിവയൊക്കെ ആസ്വദിക്കുന്നതോടൊപ്പം അവയിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന ചില നിഗൂഢ അജണ്ടകളെ നാം തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോൾ വലിയ വിവാദമുണ്ടാക്കിയിരിക്കുന്ന എമ്പുരാൻ എന്ന സിനിമയിലുടനീളം ദൈവത്തിനു മുകളിൽ സാത്താനെ പ്രതിഷ്ഠിച്ചിരിക്കുകയാണ്.
ചെകുത്താനെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്ന ഡയലോഗുകൾ ഉൾപ്പെടെ സിനിമയിലെ നായക കഥാപാത്രം പറയുന്നത് ഇതിന് ഉദാഹരണമാണ്. നീതി നടപ്പാക്കാൻ തിന്മയെ ഉപയോഗിക്കുകയും അതു തെറ്റല്ലെന്നു സ്ഥാപിക്കുകയും ചെയ്യുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറും ഇപ്പോൾ എമ്പുരാനും ചെയ്യുന്നത്. ബൈബിളിനെയും ക്രൈസ്തവ വിശ്വാസങ്ങളെയും ഈ ചിത്രങ്ങളിൽ പലപ്രാവശ്യം അവഹേളിക്കുന്നുണ്ട്.
നാട്ടിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് ഇത്തരം പ്രചാരണങ്ങൾ പ്രേരണയാകുന്നു. ഇതേ അണിയറ പ്രവർത്തകർ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പുറത്തിറക്കിയ ചിത്രങ്ങൾ പരിശോധിച്ചാൽ അവയിലെല്ലാം ഇത്തരം തന്ത്രങ്ങൾ പരീക്ഷിച്ചിരിക്കുന്നതു കാണാം. ആദം ജോൺ, നയൻ, എസ്ര, സ്റ്റോപ്പ് വയലൻസ്, മെമ്മറീസ്, രോമാഞ്ചം തുടങ്ങിയ സിനിമകളിലെല്ലാം ദൈവത്തെ നിന്ദിക്കുകയും പിശാചിനെ മഹത്വവത്കരിക്കുകയും ചെയ്യുന്ന രംഗങ്ങൾ ധാരാളമുണ്ട് എന്നത് ഗൂഢ അജണ്ടകളുടെ ഭാഗമാണ്.
സിനിമ ഒരു വിഭാഗം സാത്താൻ സേവകരുടെ പിടിയിലാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മാർക്കോ ഇറങ്ങിയശേഷം ഉണ്ടായിട്ടുള്ള അതിക്രമങ്ങളും ദൃശ്യത്തിനു ശേഷം ഉണ്ടായ ദൃശ്യം മോഡൽ കൊലപാതക പരമ്പരകളും ദുഷ്സ്വാധീനം ചെലുത്തുന്നത് ഈ നാളുകളിൽ തെളിഞ്ഞിട്ടുണ്ട്. ഇത്തരം സിനിമകളുടെയും പ്രവർത്തകരുടെയും ഫണ്ടിംഗ് കേന്ദ്രസർക്കാർ കൃത്യമായി അന്വേഷിക്കണമെന്നും സെൻസർ ബോർഡ് വെറും നോക്കുകുത്തിയായി മാറിയിരിക്കുന്ന അവസ്ഥ മാറണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ പ്രമേയം അവതരിപ്പിച്ചു. രൂപത പ്രസിഡന്റ് ബേബി കണ്ടത്തിലിൽ അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, ടെസി ബിജു പാഴിയാങ്കൽ, ജോജോ തെക്കുംചേരിക്കുന്നേൽ, സണ്ിക്കുട്ടി അഴകംപ്രായിൽ, ഡെയ്സി ജോർജുകുട്ടി, ജിൻസ് പള്ളിക്കമ്യാലിൽ, സിനി ജിബു നീറനാക്കുന്നേൽ, ഫിലിപ്പ് പള്ളിവാതുക്കൽ, അനിത ജസ്റ്റിൻ, സച്ചിൻ വെട്ടിയാങ്കൽ എന്നിവർ പ്രസംഗിച്ചു.